സ്ഥാനാരോഹണം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് മൗണ്ട് സെന്റ് തോമസില്‍; ദൈവ ഹിതത്തിന് കീഴടങ്ങുന്നുവെന്ന് നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ്

സ്ഥാനാരോഹണം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് മൗണ്ട് സെന്റ് തോമസില്‍; ദൈവ ഹിതത്തിന് കീഴടങ്ങുന്നുവെന്ന് നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ്

സഭയുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കിയ സമ്മാനമാണ് മാര്‍ റാഫേല്‍ തട്ടിലിന്റെ നിയോഗമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ് ആലഞ്ചേരി.

കൊച്ചി: സീറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ സ്ഥാനാരോഹണം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. സിനഡില്‍ പങ്കെടുക്കുന്ന മുഴുവന്‍ മെത്രാന്‍മാരും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.

ദൈവ ഹിതത്തിന് കീഴടങ്ങുകയാണെന്ന് നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രതികരിച്ചു. 'മേജര്‍ ആര്‍ച്ച് ബിഷപ്പാകുക എന്ന ചിന്തയിലല്ല സിനഡില്‍ പങ്കെടുക്കാനെത്തിയത്. ദൈവത്തിന്റെ നിയോഗം അതാണെങ്കില്‍ ഞാന്‍ കീഴടങ്ങാതെ നിര്‍വാഹമില്ല'- മാര്‍ റാഫേല്‍ തട്ടില്‍ വ്യക്തമാക്കി.

എല്ലാവരുടെയും സഹകരണത്തോടെ ദൈവഹിതം നിറവേറ്റാന്‍ ശ്രമിക്കും. ആരെയും കേള്‍ക്കാതെ വിധി പറയുന്നത് ശരിയല്ല. എല്ലാവരേയും കേട്ട ശേഷം ഓരോ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. ബസിലിക്ക തുറക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഒന്നും അടഞ്ഞു കിടക്കാന്‍ പാടില്ല, എല്ലാം തുറക്കേണ്ടതാണ്' എന്നായിരുന്നു അദേഹത്തിന്റെ മറുപടി.

സഭയുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കിയ സമ്മാനമാണ് മാര്‍ റാഫേല്‍ തട്ടിലിന്റെ നിയോഗമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സിനഡില്‍ പങ്കെടുക്കുന്ന എല്ലാ മെത്രാന്‍മാരും വേദിയിലെത്തി സ്‌നേഹ ചുംബനം നല്‍കി ആശംസയര്‍പ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.