കാസര്‍കോഡ്: തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രൊഫസറായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ വിവാഹ രജിസ്റ്റര്‍ രേഖകള്‍ വ്യാജം. കാസര്‍കോഡ് വിവാഹ രജിസ്റ്ററില്‍ നല്‍കിയിരിക്കുന്ന പേര് ഷാജഹാന്‍ എന്നാണ്. പിതാവിന്റെ പേര് നല്‍കിയതും വ്യാജം.
2016 ഫെബ്രുവരി 27 നാണ് സവാദ് മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജുമാമസ്ജിദില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നല്‍കിയിരിക്കുന്ന വിലാസം ഷാജഹാന്‍, പി.പി ഹൗസ്, കുന്നുകൈ, ചിറക്കല്‍, കണ്ണൂര്‍ എന്നാണ്. വിവാഹ രജിസ്റ്ററില്‍ പിതാവിന്റെ പേര് നല്‍കിയതും വ്യാജമാണ്. യഥാര്‍ത്ഥ പേരായ മീരാന്‍കുട്ടിക്ക് പകരം നല്‍കിയത് കെ.പി ഉമ്മര്‍ എന്നാണ്.
സവാദിന്റെ രേഖകള്‍ പരിശോധിക്കാതെയാണ് ഉദ്യാവര്‍ ആയിരം ജുമാമസ്ജിദില്‍ നിന്ന് വിവാഹം രജിസ്റ്റര്‍ ചെയ്തത്. പള്ളിക്ക് കീഴില്‍ താമസിക്കുന്ന വധുവിന്റെ രേഖകള്‍ പരിശോധിച്ചിരുന്നുവെന്നും അക്കാലത്ത് വിശദമായി രേഖകള്‍ പരിശോധിക്കുന്ന സംവിധാനം ഉണ്ടായിരുന്നില്ലെന്നുമാണ് പള്ളിക്കമ്മിറ്റിയുടെ വിശദീകരണം.
വിവാഹ സമയത്ത് നല്‍കിയ പേര് വ്യാജമാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് യഥാര്‍ത്ഥ പേരാണ്. മംഗല്‍പ്പാടി പഞ്ചായത്ത് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ എം.എം സവാദ് എന്നാണ് രേഖപ്പെടുത്തിയത്. എന്‍ഐഎ ഉദ്ദോഗസ്ഥര്‍ക്ക് സവാദിനെ പിടികൂടാന്‍ സഹായമായത് ഈ ജനന സര്‍ട്ടിഫിക്കറ്റായിരുന്നു.
അതേസമയം സവാദിന്റെ ഭാര്യാ പിതാവ് അബ്ദുല്‍ റഹ്മാന്‍ നല്‍കിയ മൊഴി കൃത്യമാണോ എന്നുള്ള പരിശോധനയിലാണ് പൊലീസ്. സവാദിനെ പരിചയപ്പെട്ടത്, കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാതെയുള്ള വിവാഹം, എസ്ഡിപിഐ ബന്ധം തുടങ്ങിയവയാണ് വിശദമായി പരിശോധിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.