വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആരോപണം; എം.വി ഗോവിന്ദനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആരോപണം; എം.വി ഗോവിന്ദനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. എം.വി ഗോവിന്ദനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചിരിക്കുകയാണ് രാഹുല്‍. വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

ജാമ്യം ലഭിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും പരാജയം മറച്ചുവയ്ക്കാനും ഹീറോയെന്ന് വരുത്താനും ശ്രമം നടക്കുന്നുവെന്നുമാണ് എം.വി ഗോവിന്ദന്‍ ആരോപിച്ചത്. ജയിലില്‍ കിടക്കാന്‍ രാഹുല്‍ ആര്‍ജവം കാട്ടണമെന്നും അദേഹം പറഞ്ഞിരുന്നു.

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ജാമ്യാപേക്ഷക്കൊപ്പം സമര്‍പ്പിച്ചത് എന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം അഡ്വ. മൃദുല്‍ ജോണ്‍ മുഖേന ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എം.വി ഗോവിന്ദന് വക്കീല്‍ നോട്ടീസ് അയച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

പത്രസമ്മേളനത്തിന് ശേഷം എം.വി ഗോവിന്ദന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പറഞ്ഞു. ഉച്ചയ്ക്ക് 12:30 ന് മാത്രം ഇറങ്ങിയ കോടതി വിധിയുടെ വിശദാംശങ്ങളിലാണ് താന്‍ പറഞ്ഞ കാര്യങ്ങളുള്ളതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വ്യാജമാണ്. രാവിലെ 10.30 ന് ആണ് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താ സമ്മേളനം വിളിച്ചത്. ഉച്ചയ്ക്ക് വരാനിരിക്കുന്ന കോടതി വിധിയെക്കുറിച്ച് രാവിലെ പറയാന്‍ ഇദേഹം ത്രികാലജ്ഞാനിയാണോ എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ചോദിച്ചു.

ഏഴു ദിവസത്തിനകം വാര്‍ത്താ സമ്മേളനം വിളിച്ച് ക്ഷമ ചോദിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.