ആരോ​ഗ്യം അവകാശമാണ് സാധ്യതയല്ല; രാഷ്ട്രീയവത്കരണം പാടില്ല; രോഗികളുടെ ദിനത്തിൽ മാർപാപ്പയുടെ സന്ദേശം

ആരോ​ഗ്യം അവകാശമാണ് സാധ്യതയല്ല; രാഷ്ട്രീയവത്കരണം പാടില്ല; രോഗികളുടെ ദിനത്തിൽ മാർപാപ്പയുടെ സന്ദേശം

വത്തിക്കാൻ സിറ്റി: 'മനുഷ്യൻ തനിച്ചായിരിക്കുന്നത് നല്ലതല്ല - ബന്ധങ്ങളിലൂടെ രോഗികളെ സുഖപ്പെടുത്തുക' ഫെബ്രുവരി 11 ന് നടക്കുന്ന ലോക രോഗികളുടെ ദിനത്തിനായുള്ള മാർപാപ്പയുടെ സന്ദേശം ഇതാണ്.

ശനിയാഴ്ച പുറത്തിറക്കിയ തന്റെ സന്ദേശത്തിൽ മറ്റുള്ളവരുമായും ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനവും പ്രാധാന്യവും അതിലൂടെ സംഭവിക്കുന്ന രോഗശാന്തിയുടെ ശക്തമായ സാധ്യതയും പാപ്പാ എടുത്തുകാട്ടി. ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ ആദാമിനെക്കുറിച്ചുള്ള ദൈവത്തിന്റെ വാക്കുകൾ അടിവരയിട്ടുകൊണ്ട് ആദ്യ മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ ആദ്യത്തെ ചിന്ത അവൻ മറ്റ് ജീവികളുമായി ആശയ വിനിമയത്തിലും ബന്ധത്തിലും ആയിരിക്കണമെന്നായിരുന്നുവെന്ന് പാപ്പ പറഞ്ഞു.

കോവിഡ് 19 മഹാമാരിയും നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും നിരവധി ആളുകളെ ഒറ്റപ്പെടുത്തിയെന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും സമാധാനത്തിൽ ജീവിക്കുന്ന രാജ്യങ്ങളിൽ പോലും വാർധക്യവും രോഗവും കാരണം ഏകാന്തതയും ഉപേക്ഷിക്കലും നേരിടുന്ന ധാരാളം ആളുകൾ ഉണ്ടെന്ന് പാപ്പ പറഞ്ഞു.

വലിച്ചെറിയലിന്റെ സംസ്കാരം ഉൽപ്പാദനം വർധിപ്പിക്കും. എന്നാൽ അത് സാധ്യമാകുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കാത്ത സാധാരണക്കാരെ മുതലെടുത്തുകൊണ്ട് ആണ്. ആരോ​ഗ്യം എന്നത് ഓരോ മനുഷ്യന്റെയും അടിസ്ഥാന അവകാശമാണ്. എന്നാൽ രാഷ്ട്രീയക്കാർ അതിനെ വെറുമൊരു സാധ്യതയായി മാറ്റുകയും വ്യക്തികളുടെ മഹത്വത്തിന് മുറിവേൽപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ആരോ​ഗ്യ രം​ഗമെന്നത് ഡോക്ടർമാരും രോ​ഗികളും അവരുടെ കുടുംബാം​ഗങ്ങളും കൂടി ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു ചികിത്സാലയം ആയിമാറണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

നല്ല സമരിയാക്കാരന്റെ മാതൃക പിന്തുടർന്ന് രോഗികളോട് അനുകമ്പയും സ്നേഹവും നിറഞ്ഞ സാമീപ്യം നൽകാൻ മാർപ്പാപ്പ എല്ലാവരേയും ക്ഷണിച്ചു. രോഗികളെ പരിചരിക്കുക എന്നതിനർത്ഥം അവരുടെ ബന്ധങ്ങളെ പരിപാലിക്കുക എന്നതാണെന്ന് പാപ്പ എടുത്ത് പറഞ്ഞു. നമ്മൾ ഓരോരുത്തരും ഈ ലോകത്തിലേക്ക് വന്നത് നമ്മുടെ മാതാപിതാക്കൾ സ്വാഗതം ചെയ്തത് കൊണ്ടാണ്. നമ്മൾ ഓരോരുത്തരും "സ്നേഹത്തിനായി സൃഷ്ടിക്കപ്പെട്ടു" ഒപ്പം കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും വിളിക്കപ്പെട്ടവരുമാണ്. രോ​ഗികൾക്ക് നൽകാവുന്ന ഏറ്റവും നല്ല ചികിത്സ സ്‌നേഹവും കൂട്ടായ്മയും അവർക്ക് വാഗ്ദാനം ചെയ്യുക എന്നതാണ്.

പ്രാർത്ഥനയിലൂടെയും ദിവ്യബലിയിലൂടെയും യേശുവിന്റെ അനുകമ്പ നിറഞ്ഞ നോട്ടത്തിലൂടെയും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും മുറിവുകൾ സുഖപ്പെടുമെന്നും പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.