വിശ്വാസം അതല്ലേ എല്ലാം... 'ആദ്യം തങ്ങളെ വിശ്വാസത്തിലെടുക്ക്; എന്നിട്ടാകാം മത പ്രീണനം': ബിജെപി നേതൃത്വത്തോട് ന്യൂനപക്ഷ മോര്‍ച്ചയിലെ ക്രൈസ്തവ നേതാക്കള്‍

വിശ്വാസം അതല്ലേ എല്ലാം... 'ആദ്യം തങ്ങളെ വിശ്വാസത്തിലെടുക്ക്; എന്നിട്ടാകാം മത പ്രീണനം': ബിജെപി നേതൃത്വത്തോട് ന്യൂനപക്ഷ മോര്‍ച്ചയിലെ ക്രൈസ്തവ നേതാക്കള്‍

കൊച്ചി: ക്രൈസ്തവ വോട്ടുകള്‍ പെട്ടിയിലാക്കി തൃശൂര്‍ 'ഇങ്ങെടുക്കാമെന്ന' മോഹവുമായി പ്രചാരണം കൊഴുപ്പിക്കുന്ന ബിജെപിക്ക് പാര്‍ട്ടിയില്‍ തന്നെ തിരിച്ചടി. പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയിലെ നേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഇടഞ്ഞു നില്‍ക്കുന്നത്.

സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിനെ അഭിനന്ദിക്കാന്‍ കഴിഞ്ഞ ദിവസം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ എത്തിയപ്പോള്‍ സംസ്ഥാനത്തെ ന്യൂനപക്ഷ മോര്‍ച്ചയിലെ ക്രൈസ്തവ നേതാക്കളെ ഒഴിവാക്കിയതാണ് പുതിയ പ്രതിഷേധത്തിന് ഇടയാക്കിയത്.

ബിജെപിയുടെ പല പ്രധാന പരിപാടികളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതില്‍ അതൃപ്തരായിരുന്ന ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ ക്രൈസ്തവ സഭയുടെ മേലധ്യക്ഷനെ കാണാന്‍ കേന്ദ്രമന്ത്രിയെത്തിയപ്പോഴും തങ്ങളെ ഒഴിവാക്കിയതില്‍ കടുത്ത നീരസത്തിലാണ്.

കേരളത്തില്‍ തൃശൂര്‍ അടക്കം ബിജെപി വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന പല മണ്ഡലങ്ങളിലും ക്രിസ്ത്യന്‍ വോട്ടുകള്‍ അതി നിര്‍ണായകമായിരിക്കെ തങ്ങളോട് എന്തിനാണ് ഈ തൊട്ടുകൂടായ്മ എന്നാണ് ന്യൂനപക്ഷ മോര്‍ച്ചയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ നേതാക്കളുടെ ചോദ്യം.

പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ നേതാക്കളെയും ക്രിസ്ത്യന്‍ മത വിഭാഗത്തെയും വിശ്വാസത്തിലെടുക്കാതെ മത മേലധ്യക്ഷന്‍മാരെ വിളിച്ച് വിരുന്ന് നല്‍കിയതു കൊണ്ടോ, ക്രൈസ്തവ ഭവനങ്ങളിലേക്ക് സ്‌നേഹയാത്ര നടത്തിയതു കൊണ്ടോ വിജയ സ്വപ്‌നം പൂവണിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

മണിപ്പൂര്‍ വിഷയത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പീഡനങ്ങളിലും ശാശ്വത പരിഹാരം കാണാതെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചോട്ടത്തെയും ന്യൂനപക്ഷ മോര്‍ച്ച വിമര്‍ശിക്കുന്നു. രാജ്യത്ത് ക്രൈസ്തവര്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ വോട്ടുകള്‍ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം ഫലം കാണില്ലെന്ന മുന്നറിയിപ്പും ക്രൈസ്തവ നേതാക്കള്‍ ബിജെപി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

മാത്രമല്ല, ഇപ്പോള്‍ കാണിക്കുന്ന ക്രിസ്ത്യന്‍ സ്‌നേഹം വോട്ട് തട്ടാനുള്ള കുതന്ത്രമാണെന്ന ഇടത്, വലത് മുന്നണികളുടെ ശക്തമായ പ്രചാരണത്തെ അതിജീവിക്കാന്‍ ഇക്കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായ സമീപനം അനിര്‍വാര്യമാണ്. പാര്‍ട്ടിയില്‍ നിലവിലുള്ള ക്രിസ്ത്യന്‍ നേതാക്കളെ വിശ്വാസത്തിലെടുത്ത് അവരിലൂടെ ക്രൈസ്തവ സമുദായത്തിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ബിജെപി നേതൃത്വം ശ്രമിക്കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.