രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ ഇനി കൊച്ചിയില്‍; ഇന്ന് നാടിന് സമര്‍പ്പിക്കും

 രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ ഇനി കൊച്ചിയില്‍; ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡയാലിസിസ് മെഷീനുകളുള്ള ഡയാലിസിസ് ബ്ലോക്ക് ഇനി എറണാകുളം ജനറല്‍ ആശുപത്രിയില്‍. ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ഡയാലിസിസ് ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നടന്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയാകും.

പുതിയ ബ്ലോക്ക് പൂര്‍ണ സജ്ജമാകുന്നതോടെ മൂന്ന് ഷിഫ്റ്റുകളിലായി 162 പേര്‍ക്ക് ഡയാലിസിസ് സാധ്യമാകും. 54 ഡയാലിസിസ് മെഷീനുകള്‍ക്കൊപ്പം, 54 കൗച്ചുകള്‍, മള്‍ട്ടി പാരമോണിറ്ററുകള്‍, ആറ് നഴ്സിങ് സ്റ്റേഷനുകള്‍, മൂന്ന് ഹെല്‍പ്പ് ഡെസ്‌കുകള്‍, 12 സ്‌ക്രബ് ഏരിയകള്‍, 300 ഡയലൈസറുകള്‍, സ്റ്റോര്‍ റൂം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. മൊത്തം എട്ട് കോടി രൂപയാണ് പദ്ധതിക്കു വേണ്ടി ചെലവഴിച്ചത്.

ഹൈബി ഈഡന്‍ എംഎല്‍എയായിരുന്ന കാലത്ത് ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് കോടി രൂപ ചെലവഴിച്ചു പൂര്‍ത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിലാണ് ഡയാലിസിസ് ബ്ലോക്ക് ഒരുക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവയുടെ സിഎസ്ആര്‍ ഫണ്ടുകള്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ സെന്‍ട്രല്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ടൈറ്റന്‍ എന്നിവരുടെ സാമ്പത്തിക സഹായത്തിനൊപ്പം ആശുപത്രി വികസന സമിതി ഫണ്ടുകൂടി പ്രയോജനപ്പെടുത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.