ദുബായില്‍ രണ്ട് ടോള്‍ ഗേറ്റുകള്‍ കൂടി തുറക്കുന്നു; നവംബര്‍ മുതല്‍ ടോള്‍ ഈടാക്കും

ദുബായില്‍ രണ്ട് ടോള്‍ ഗേറ്റുകള്‍ കൂടി തുറക്കുന്നു; നവംബര്‍ മുതല്‍ ടോള്‍ ഈടാക്കും

ദുബായ്: ദുബായില്‍ പുതുതായി രണ്ട് ടോള്‍ ഗേറ്റുകള്‍ കൂടി വരുന്നു. ദുബായിലെ എക്സ്‌ക്ലൂസീവ് ടോള്‍ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്സി (സാലിക്) അറിയിച്ചതാണ് ഇക്കാര്യം. അല്‍ ഖൈല്‍ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അല്‍ മൈദാന്‍ സ്ട്രീറ്റിനും ഉമ്മുല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അല്‍സഫ സൗത്തിലുമാണ് പുതിയ രണ്ട് ടോള്‍ ഗേറ്റുകള്‍.

ദുബായിലെ പ്രധാന റൂട്ടുകളിലെ ഗതാഗതം സൂക്ഷ്മായി നിരീക്ഷിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കാന്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) കമ്പനിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സാലിക് അറിയിച്ചു.

ആര്‍ടിഎയുടെ വിപുലമായ ട്രാഫിക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. ദുബായില്‍ വാഹനമോടിക്കുന്നവര്‍ക്ക് സുഗമവും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം നവംബറില്‍ രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകും, ഇതോടെ സാലിക്കിന്റെ അധീനതയില്‍ ദുബായിലെ മൊത്തം ടോള്‍ ഗേറ്റുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി ഉയരും. അല്‍ ബര്‍ഷ, അല്‍ ഗര്‍ഹൂദ് പാലം, അല്‍ മക്തൂം പാലം, അല്‍ മംസാര്‍ സൗത്ത്, അല്‍ മംസാര്‍ നോര്‍ത്ത്, അല്‍ സഫ, എയര്‍പോര്‍ട്ട് ടണല്‍, ജബല്‍ അലി എന്നിവിടങ്ങളിലാണ് നിലവിലുള്ള ടോള്‍ ഗേറ്റുകള്‍.

ഓരോ തവണയും ഒരു വാഹനം സാലിക് ടോള്‍ ഗേറ്റിലൂടെ കടന്നുപോകുമ്പോള്‍, റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യയിലൂടെ വാഹനത്തെ തിരിച്ചറിഞ്ഞ് സാലിക് സ്റ്റിക്കര്‍ ടാഗ് സ്‌കാന്‍ ചെയ്യുന്നു. വാഹനമോടിക്കുന്നയാളുടെ പ്രീപെയ്ഡ് ടോള്‍ അക്കൗണ്ടില്‍ നിന്ന് 4 ദിര്‍ഹം ടോള്‍ ഫീസായി ഈടാക്കും. വാഹനമോടിക്കുന്നവര്‍ ഒരേ ദിശയില്‍ ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ഗേറ്റുകള്‍ കടന്നാല്‍ ഒരു തവണ മാത്രമേ നിരക്ക് ഈടാക്കൂവെന്ന് സാലിക് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.