ചന്ദ്രനിലിറങ്ങിയ ജപ്പാന്റെ 'സ്ലിം' പേടകത്തില്‍ നിന്ന് ആദ്യ സന്ദേശങ്ങളെത്തി; സോളാര്‍ പാനല്‍ പ്രവര്‍ത്തനം നിലച്ചത് പ്രതിസന്ധി

ചന്ദ്രനിലിറങ്ങിയ ജപ്പാന്റെ 'സ്ലിം' പേടകത്തില്‍ നിന്ന് ആദ്യ സന്ദേശങ്ങളെത്തി; സോളാര്‍ പാനല്‍ പ്രവര്‍ത്തനം നിലച്ചത് പ്രതിസന്ധി

ടോക്യോ: ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ജപ്പാന്റെ 'സ്ലിം' (സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍) പേടകത്തിലെ സോളാര്‍ പാനല്‍ പ്രവര്‍ത്തിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ജപ്പാന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി 'ജാക്‌സ' ആണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ പേടകം അതിലെ ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ബാറ്ററിക്ക് നിശ്ചിത സമയ പരിധിയുണ്ടെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയില്ലെന്നും പ്രോജക്റ്റ് മാനേജര്‍ ഹിതോഷി കുനിനാക വ്യക്തമാക്കി.
അതേസമയം, പേടകവുമായി ആശയവിനിമയം സ്ഥാപിക്കാന്‍ സാധിച്ചതിനു പിന്നാലെ ആദ്യ സന്ദേശങ്ങളെത്തി.

സമയം മാറുന്നതിന് അനുസരിച്ച് സൂര്യപ്രകാശത്തിന്റെ ദിശ മാറും. ഇതോടെ സൂര്യപ്രകാശം സോളാര്‍ പാനലിന്റെ സെല്ലുകളില്‍ പതിക്കാന്‍ സാധ്യതയുണ്ട്. സോളാര്‍ പാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഹിതോഷി കുനിനാക വ്യക്തമാക്കി. അതേസമയം, സോളാര്‍ പാനല്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ പേടകത്തിലെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല.

വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 8.54നാണ് ജപ്പാന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'ജാക്‌സ'യുടെ 'സ്ലിം' അഥവാ സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ പേടകം ചന്ദ്രോപരിതലത്തിലെ ഷിയോലി ഗര്‍ത്തത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. അമേരിക്ക, സോവിയറ്റ് യൂനിയന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കു ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യവും ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യ വിജയത്തിനു പിന്നാലെ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ മറ്റൊരു ഏഷ്യന്‍ രാജ്യവും കുടിയാണ് ജപ്പാന്‍.

സെപ്റ്റംബര്‍ ആറിനാണ് എച്ച്-ഐ.ഐ.എ 202 റോക്കറ്റില്‍ 'മൂണ്‍ സ്‌നൈപ്പര്‍' എന്ന വിളിപ്പേരുള്ള 'സ്ലിം' റോബോട്ടിക് പര്യവേക്ഷണ പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ജനുവരി 14ന് ചാന്ദ്രഭ്രമണപഥത്തിലെത്തിയ 'സ്ലിം' കഴിഞ്ഞ ദിവസം താഴ്ന്നു പറക്കാന്‍ തുടങ്ങി. ഇന്നലെ ശിയോലി എന്ന ചെറു ഗര്‍ത്തത്തിന് സമീപത്തെ 15 ഡിഗ്രി ചരിഞ്ഞ പ്രദേശത്ത് 200 കിലോഗ്രാം ഭാരമുള്ള 'സ്ലിം' പേടകം കാലുറപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.