എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് 10 രൂപ ഫീസ്; വിവാദ ഉത്തരവിനെതിരെ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ തേടി പ്രതിഷേധിക്കാന്‍ കെഎസ്‌യു

എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് 10 രൂപ ഫീസ്; വിവാദ ഉത്തരവിനെതിരെ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ തേടി പ്രതിഷേധിക്കാന്‍ കെഎസ്‌യു

തിരുവനന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ നിന്ന് 10 രൂപ വീതം ഫീസ് ഈടാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിനെ ചൊല്ലി വിവാദം കനക്കുന്നു. സര്‍ക്കുലറിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ കെഎസ് യു, സര്‍ക്കുലര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ഇല്ലാത്ത പക്ഷം സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ തുടക്കം കുറിക്കാന്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി രണ്ടു ദിവസവും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഓഫീസിലേക്ക് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

സര്‍ക്കാരിന് പണമില്ലെങ്കില്‍ അത് വിദ്യാര്‍ഥികളില്‍ നിന്നല്ല പിരിക്കേണ്ടതെന്ന് കെഎസ് യു ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളില്‍ നിന്നു ഫീസ് ഈടാക്കിയാല്‍ കെഎസ് യു സംസ്ഥാന വ്യാപകമായി കനത്ത പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

വിദ്യാര്‍ഥികള്‍ക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് കെഎസ് യു ആവശ്യപ്പെട്ടു. പ്രതിഷേധം അവഗണിച്ച് ഉത്തരവ് നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഭിക്ഷയാചിച്ച് ചട്ടി എടുക്കുമെന്നും കെഎസ് യു മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്നു ഭിക്ഷ യാചിക്കല്‍ സമരം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.