തിരുവനന്തപുരം: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായ പീഡിയാട്രിക് ഐസിയുവിന്റെയും ബോയ്സ് ഹോസ്റ്റലിന്റേയും ഉദ്ഘാടനം ഈ മാസം 27 ന് ഉച്ചയ്ക്ക് 12.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
16.68 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പീഡിയാട്രിക് ഐസിയു നിര്‍മ്മിച്ചിട്ടുള്ളത്. ഇതുകൂടാതെ 1.68 കോടി രൂപ ചെലവഴിച്ച് 10 ഐസിയു ബെഡ്, 10 മോണിറ്റര്‍, അഞ്ച് വെന്റിലേറ്റര്‍, മറ്റ് ഐ.സി.യു ഉപകരണങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
കിഫ്ബി മുഖാന്തിരം 12 കോടി രൂപ മുതല്‍ മുടക്കില്‍ അഞ്ച് നിലകളിലായി 200 കുട്ടികള്‍ക്ക് താമസിക്കാവുന്ന ബോയ്സ് ഹോസ്റ്റലാണ് നിര്‍മ്മിച്ചിട്ടുള്ളത്. കിച്ചണ്‍, മെസ് ഹാള്‍, ഡൈനിങ് ഹാള്‍, റീഡിംങ് റൂം, ഗസ്റ്റ് റൂം, വാര്‍ഡന്‍ റൂം, റിക്രിയേഷന്‍ റൂം, രണ്ട് ലിഫ്റ്റുകള്‍ തുടങ്ങി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ മാനദണ്ഡ പ്രകാരമുള്ള ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഹോസ്റ്റലില്‍ ഒരുക്കിയിട്ടുള്ളത്.
കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍) വിഭാഗവും ആരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനായി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിനായി നാല് തസ്തികകളും പിഎംആര്‍ വിഭാഗത്തില്‍ രണ്ട് തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി മുഖേന 351.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ 200 കിടക്കകള്‍ കൂടിയുള്ള ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതോടൊപ്പം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, 1000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, മോര്‍ച്ചറി, പ്ലേ ഗ്രൗണ്ട് മുതലായവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്.
3.5 കോടി ചിലവഴിച്ച് ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമും സജ്ജമാക്കി വരികയാണ്. അഞ്ച് കോടി മുതല്‍ മുടക്കില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ 128 സ്ലൈസ് സിടി സ്‌കാന്‍ മെഷീന്‍ സ്ഥാപിച്ച് പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു.
കോന്നി മെഡിക്കല്‍ കോളജിനെ മറ്റ് പ്രധാന മെഡിക്കല്‍ കോളജുകള്‍ പോലെ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.