കെ റെയില്‍ വരും എന്ന് പറയുന്നത് പോലല്ല; ഏകീകൃത സിവില്‍ കോഡ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി

കെ റെയില്‍ വരും എന്ന് പറയുന്നത് പോലല്ല; ഏകീകൃത സിവില്‍ കോഡ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി

കണ്ണൂര്‍: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ അത് നടപ്പാക്കിയിരിക്കും. കണ്ണൂൂരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

കെ റെയില്‍ വരും കേട്ടോ എന്ന പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ല. ഏക സിവില്‍ കോഡ് മൂന്ന് സംസ്ഥാനങ്ങളില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.

കേരളത്തിലെ ഭരണാധികാരികള്‍ നാടിനെ തകര്‍ക്കുകയാണ്. ഗവര്‍ണര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആര്‍ക്കെതിരെയും കേസെടുക്കുന്ന സര്‍ക്കാരാണിത്. കോണ്‍ഗ്രസില്‍ ജനകീയരായ നേതാക്കള്‍ക്ക് അധികകാലം നില്‍ക്കാനാവില്ല. കോണ്‍ഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോഡിക്കൊപ്പം വരും.

മോഡി ഭാരതത്തിന് വേണ്ടി ലോകത്തിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ലോകം നോക്കുന്നത്. തുല്യതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണിത്. സ്ത്രീ സമത്വം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ഒരു എംഎല്‍എ പോലും ഇല്ലാത്ത കേരളത്തില്‍ മാത്രം കോടികളാണ് എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചത്. പി.എം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകരുടെ അക്കൗണ്ടില്‍ ഏതാണ്ട് 37,000 കോടി രൂപ കേന്ദ്രം നല്‍കിയെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.