തുര്‍ക്കിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ കത്തോലിക്ക പള്ളിയില്‍ ആക്രമണം നടത്തിയത് ഇസ്ലാമിക് സ്‌റ്റേറ്റ്: ക്രൈസ്തവര്‍ വീണ്ടും ആശങ്കയുടെ നിഴലില്‍

തുര്‍ക്കിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ കത്തോലിക്ക പള്ളിയില്‍ ആക്രമണം നടത്തിയത് ഇസ്ലാമിക് സ്‌റ്റേറ്റ്: ക്രൈസ്തവര്‍ വീണ്ടും ആശങ്കയുടെ നിഴലില്‍

ഇസ്താംബുള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താബുളില്‍ മുഖംമൂടി ധരിച്ചെത്തിയവര്‍ കത്തോലിക്ക ദേവാലയത്തില്‍ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്). സംഭവത്തില്‍ രണ്ടു വിദേശ പൗരന്മാര്‍ അറസ്റ്റിലായതായി തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ അറിയിച്ചു. പ്രതികളില്‍ ഒരാള്‍ താജിക്കിസ്ഥാനില്‍ നിന്നും രണ്ടാമത്തെയാള്‍ റഷ്യയില്‍ നിന്നുമാണ്. പുതിയ സംഭവത്തോടെ തുര്‍ക്കിയില്‍ ക്രൈസ്തവരുടെ സുരക്ഷ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

പള്ളിക്കകത്ത് ക്രിസ്ത്യന്‍ അവിശ്വാസികളുടെ ചടങ്ങിനിടെ ആക്രമണം നടത്താന്‍ തങ്ങള്‍ക്കായെന്ന് ഭീകരര്‍ പ്രസ്താവനയിലൂടെ അവകാശപ്പെട്ടു. സംഘടനയുടെ ഔദ്യോഗിക മാധ്യമമായ അമാഖിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഭീകര സംഘടന അറിയിച്ചത്. അറിയിപ്പിനൊപ്പം തോക്ക് പിടിച്ച് നില്‍ക്കുന്ന രണ്ട് തീവ്രവാദികളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇസ്താംബൂളിന്റെ വടക്കുകിഴക്ക് ഭാഗത്തുള്ള സാന്താ മരിയ പള്ളിയിലാണ് ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേ സമയം ഒരാള്‍ കൊല്ലപ്പെടുക മാത്രമാണ് ഉണ്ടായതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തുര്‍ക്കിഷ് മാധ്യമങ്ങള്‍ക്ക് ലഭിച്ച സി.സി.ടി.വി ദൃശ്യത്തില്‍ ആയുധധാരികളായ കൊലയാളികള്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. കറുത്ത വസ്ത്രം ധരിച്ചു ഒരാളെ പിന്തുടരുന്നതും തിരിച്ച് പള്ളിയില്‍ നിന്ന് മടങ്ങുന്നതും കാണാം.

കൊല്ലപ്പെട്ടയാള്‍ ഭിന്നശേഷിക്കാരനായ 52 കാരന്‍ ടണ്‍സര്‍ സിഹാനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹം തുര്‍ക്കിയിലെ ഒരു മുസ്ലീം ന്യൂനപക്ഷമായ അലവി സമുദായാംഗമാണ്. അദ്ദേഹം ഇടയ്ക്കിടെ പള്ളിയില്‍ വരാറുണ്ടായിരുന്നുവെന്നും രാഷ്ട്രീയമോ മതമോ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ലെന്നും പള്ളി അധികാരികള്‍ പറഞ്ഞു. സിഹാന്റെ മൃതസംസ്‌കാരം തിങ്കളാഴ്ച മതാചാരപ്രകാരം നടന്നു.

അലവി സമൂഹം തുര്‍ക്കിയിലെ ഏറ്റവും വലിയ മതന്യൂനപക്ഷങ്ങളില്‍ ഒന്നാണ്. സുന്നി, ഷിയ എന്നിവയില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ് അലവി സമൂഹം.

'രണ്ട് മതസമൂഹങ്ങളും സിഹാന്റെ മരണത്തെതുടര്‍ന്നുള്ള ദുഃഖത്തില്‍ ഐക്യപ്പെട്ടിരിക്കുന്നതായി മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഇസ്താംബൂളിലെ കത്തോലിക്കാ പുരോഹിതന്‍ റവ. ലൂക്കാ റെഫാറ്റി മാധ്യമങ്ങളോട് പറഞ്ഞു.

മതഭേദമന്യേ എല്ലാവരെയും സ്വാഗതം ചെയ്യുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പാരമ്പര്യമാണ് തുര്‍ക്കിയിലെ ക്രിസ്ത്യന്‍ പള്ളികളുടേത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ സമൂഹം പള്ളികള്‍ തുറന്നിട്ടുകൊണ്ടുള്ള സ്വാഗത മനോഭാവത്തെ പുനര്‍വിചിന്തനം ചെയ്യേണ്ട സാഹചര്യമാണെന്നും റവ. ലൂക്കാ റെഫാറ്റി പറഞ്ഞു.

വളരെ സമൃദ്ധമായ ക്രൈസ്തവ പാരമ്പര്യമുള്ള രാജ്യമാണ് തുര്‍ക്കിയെങ്കിലും പുതിയ സംഭവത്തോടെ രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി വീണ്ടും വര്‍ദ്ധിച്ചുവരികയാണ്. ജൂത വിശ്വാസികളെയും ക്രിസ്ത്യാനികളെയും ലക്ഷ്യം വയ്ക്കണമെന്ന ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കളുടെ ആഹ്വാനപ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറയുന്നതനുസരിച്ച്, ജൂണ്‍ മുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 2,000-ത്തിലധികം പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 500 ലധികം അറസ്റ്റുകളുണ്ടായി. ഞായറാഴ്ചത്തെ ആക്രമണത്തിന് ശേഷം, നഗരത്തിലുടനീളം 30 റെയ്ഡുകള്‍ നടത്തി, അതിന്റെ ഫലമായി രണ്ട് തോക്കുധാരികള്‍ ഉള്‍പ്പെടെ 47 പേരെ പിടികൂടി.

തങ്ങളുടെ രാജ്യത്തെ സമാധാന അന്തരീക്ഷം കളയുന്ന ആരെയും വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രി യെര്‍ലികായ് പറഞ്ഞു. തീവ്രവാദികള്‍, അവരുമായി ബന്ധപ്പെടുന്നവര്‍, ദേശീയ അന്തര്‍ദേശീയ ക്രിമിനലുകള്‍ എന്നിവരെയെല്ലാം ഉന്‍മൂലനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച കുര്‍ബാന പുനരാരംഭിക്കുമെന്ന് പള്ളി അധികാരികള്‍ പറഞ്ഞു. പള്ളിയുടെ ഭിത്തികള്‍ വെടിയുണ്ടകളാല്‍ നിറഞ്ഞിരിക്കുകയാണ്.

ഇന്നലെ വത്തിക്കാന്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ഇസ്താംബൂളിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് മാസിമിലിയാനോ പാലിനുറോ പള്ളികളുടെ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

തുര്‍ക്കിയില്‍ മതസ്വാതന്ത്ര്യത്തിനുള്ള വ്യവസ്ഥകള്‍ കടലാസിലുണ്ടെങ്കിലും, വിവിധ വിഭാഗങ്ങളില്‍പ്പെട്ട ക്രിസ്ത്യാനികള്‍ സര്‍ക്കാര്‍ ബ്യൂറോക്രസിയുടെയും സാമൂഹിക സമ്മര്‍ദ്ദങ്ങളുടെയും ഭാരത്താല്‍ കഷ്ടപ്പെടുകയാണ്.

തുര്‍ക്കി ഔദ്യോഗികമായി ഒരു മതേതര രാഷ്ട്രമാണെങ്കിലും ജനസംഖ്യയുടെ ഏകദേശം 97 ശതമാനവും മുസ്ലീങ്ങളാണ്. തുര്‍ക്കിയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഏകദേശം 150,000 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും, ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് റഷ്യന്‍, ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ അടുത്തിടെ വന്നത് രാജ്യത്തെ ഓര്‍ത്തഡോക്‌സ് ജനസംഖ്യ വര്‍ധിക്കാന്‍ കാരണമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.