റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറി നീക്കങ്ങള്‍.
പുതിയ മുഖ്യമന്ത്രിയായി ജെ.എം.എം നിര്‍ദേശിച്ച ചംപയ് സോറനെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ഇതുവരെ വിളിച്ചില്ല. ബിജെപിയുടെ ചാക്കിട്ട് പിടുത്തത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഭരണകക്ഷി എംഎല്‍എമാരെ സംസ്ഥാനത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങളും രംഭിച്ചു.
ജെ.എം.എം-കോണ്‍ഗ്രസ് മുന്നണിയിലെ എല്ലാ എംഎല്‍എമാരെയും ഹൈദരാബാദിലേക്ക് മാറ്റാനാണ് നീക്കം. ഇതിനായി രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തതായി ജെഎംഎം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ 47 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജെഎംഎം നേതാവ് ചംപയ് സോറന്‍ പറഞ്ഞു. രാജ്ഭവന്റെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഹേമന്ത് സോറന്‍ ബുധനാഴ്ച രാജിവെച്ചതിന് പിന്നാലെ ചംപയ് സോറനെ നിയമസഭാ കക്ഷി നേതാവായി ജെഎംഎം എംഎല്‍എമാര്‍ തിരഞ്ഞെടുത്തിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ചംപയ് സോറന്‍ ബുധനാഴ്ച തന്നെ ഗവര്‍ണര്‍ സി.പി രാധാകൃഷ്ണനെ കാണുകയും ചെയ്തിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യപ്പെട്ട് ഇതുവരെ ചംപ യ് സോറനെ ക്ഷണിച്ചിട്ടില്ല. ഇത് ബിജെപിയെ സഹായിക്കാനാണെന്നാണ് ജെഎംഎം അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
ഗവര്‍ണര്‍ ഉറക്കത്തില്‍ നിന്ന് ഉണരണം. 18 മണിക്കൂറോളമായി തങ്ങള്‍ കാത്തിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ കണ്ട് രണ്ട് മണിക്കൂറിനകമാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്നും ബിഹാറിലെ രാഷ്ട്രീയ നീക്കത്തെ സൂചിപ്പിച്ച് ചംപയ് സോറന്‍ പറഞ്ഞു.
'43 എംഎല്‍എമാര്‍ ഒപ്പിട്ടു നല്‍കിയ കത്ത് ഇന്നലെ ഗവര്‍ണര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചതാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് 47 എംഎല്‍എമാരുടെ പിന്തുണയുണ്ട്'- ചംപയ് സോറന്‍ പറഞ്ഞു. ഭൂരിപക്ഷം വ്യക്തമായിട്ടും എന്തുകൊണ്ടാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ശില്‍പി നേഹയും ചോദിച്ചു.
ഇതിനിടെ തങ്ങളെ പിന്തുണയ്ക്കുന്ന മുഴുവന്‍ എംഎല്‍എമാരുമായി രാജ്ഭവനില്‍ എത്താമെന്ന് അറിയിച്ച് ചംപയ് സോറന്‍ ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.