കൃഷിയിടങ്ങളില്‍ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം: ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സഹായവുമായി ഐസിസി

കൃഷിയിടങ്ങളില്‍ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം: ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സഹായവുമായി ഐസിസി

റായ്പൂര്‍: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൃഷി മേഖലകളില്‍ ആക്രമണങ്ങള്‍ നേരിടുന്ന ക്രൈസ്തവരെ സഹായിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) എന്ന സംഘടന.

ഏതാനും മാസങ്ങളായി ഛത്തീസ്ഗഡിലെ കര്‍ഷകരായ ക്രൈസ്തവര്‍ക്ക് നേരെയും അവരുടെ വിവിധങ്ങളായ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന തരത്തിലുമുള്ള ആക്രമണങ്ങള്‍ തീവ്ര ഹിന്ദുത്വ വാദികള്‍ നടത്തിയിരുന്നു.

'ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം നല്ല വിളകള്‍ നട്ടു വളര്‍ത്തിയിരുന്നു. പെട്ടെന്ന് ഒരു ദിവസം ഞങ്ങള്‍ക്കെതിരെ അക്രമമുണ്ടായി. എല്ലാ വിളകളും മൃഗങ്ങള്‍ക്ക് തിന്നാന്‍ പാകത്തിന് അവര്‍ ഞങ്ങളുടെ വേലികള്‍ നശിപ്പിച്ചു. തങ്ങള്‍ കഠിനാധ്വാനം ചെയ്തു വളര്‍ത്തിയ വിളകളെല്ലാം മൃഗങ്ങള്‍ തിന്നു കളഞ്ഞു' - ഒരു കര്‍ഷകന്‍ പറഞ്ഞു.

ഇത് ഒരാളുടെ മാത്രം അനുഭവമല്ല. നാളുകളായി ഛത്തീസ്ഗഡിലെ ക്രൈസ്തവരായ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നമാണിത്. തല്‍ഫലമായി പല കര്‍ഷക കുടുംബങ്ങളും പട്ടിണിയിലായി. പുതിയ കൃഷിയിറക്കാന്‍ ആവശ്യമായ വിത്തുകളോ, വളമോ, അതിനു മുടക്കാന്‍ പണമോ ഇല്ലാതെ കഷ്ടപ്പെടുന്ന അനേകം കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ ഐസിസി ആശ്വാസമായി മാറിയത്.

ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ കമ്മ്യൂണിറ്റിയിലെ 50 കര്‍ഷക കുടുംബങ്ങള്‍ക്ക് അവരുടെ കൃഷിയിടങ്ങളിലേക്ക് ആവശ്യമുള്ള വിത്തും വളവും വാങ്ങിക്കാന്‍ സംഘടന സഹായം നല്‍കി. ഇതോടെ അവര്‍ക്ക് വീണ്ടും വരുമാന മാര്‍ഗം കണ്ടെത്താന്‍ കഴിഞ്ഞു. എങ്കിലും തുടര്‍ ആക്രമണങ്ങളുടെ ഭീതിയിലാണ് ഛത്തീസ്ഗഡിലെ കര്‍ഷകര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.