വായു മലിനീകരണം: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചു; ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം'

വായു മലിനീകരണം: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചു; ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം'

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കി. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്പ്) പരിഷ്‌കരിച്ചു. വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷന്റേതാണ് തീരുമാനം.

ഡല്‍ഹിയിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്(എക്യൂഐ) നിലവാരത്തെയും കാലാവസ്ഥാ പ്രവചനങ്ങളെയും അടിസ്ഥാനമാക്കിയുള്ള അടിയന്തര പ്രതികരണ സംവിധാനമാണ് ഗ്രാപ്പ്. നാല് ഘട്ടങ്ങളിലായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഒരു ഘട്ടം മുന്നേ നടപ്പിലാക്കാനാണ് നിര്‍ദേശം.

വായു ഗുണനിലവാരം മോശമാകുന്ന രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കിയിരുന്ന പല നടപടികളും ഒന്നാം ഘട്ടത്തില്‍ തന്നെ നടപ്പിലാക്കാനാണ് പുതിയ തീരുമാനം. ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുക, ഗതാഗതക്കുരുക്കുള്ള പോയിന്റുകളില്‍ അധിക ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം ഏകോപിപ്പിക്കുക, പത്രങ്ങള്‍, ടി.വി, റേഡിയോ എന്നിവ വഴി പൊതു മലിനീകരണ മുന്നറിയിപ്പുകള്‍ നല്‍കുക, പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി സി.എന്‍.ജി, ഇലക്ട്രിക് ബസ് ഫ്‌ളീറ്റുകള്‍ വര്‍ധിപ്പിക്കുകയും തിരക്കില്ലാത്ത സമയങ്ങളിലെ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്ത നിരക്കുകളോടെ മെട്രോ സര്‍വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്യുക തുടങ്ങിയ രണ്ടാം ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ പ്രകാരം ഒന്നാം ഘട്ടത്തില്‍ തന്നെ നടപ്പിലാക്കും.

സാധരണ മൂന്നാം ഘട്ടത്തില്‍ നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങള്‍ രണ്ടാം ഘട്ടത്തില്‍ തന്നെ നടപ്പിലാക്കാനും നിര്‍ദേശം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും മുനിസിപ്പല്‍ ബോഡികളിലും ഓഫീസ് സമയങ്ങള്‍ വ്യത്യാസപ്പെടുത്താന്‍ അനുമതി നല്‍കി. മറ്റ് ജില്ലകളിലും സമാനമായ നടപടികള്‍ നടപ്പിലാക്കാം. കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി-എന്‍സിആറില്‍ ഉടനീളമുള്ള ഓഫീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്താവുന്നതാണ്.

പരിഷ്‌കരിച്ച പദ്ധതി പ്രകാരം വായു ഗുണനിലവാരം ഗുരുതരമെന്ന് കണക്കാക്കുന്ന നാലാം ഘട്ടത്തില്‍ സ്വീകരിക്കുന്ന നിയന്ത്രണങ്ങള്‍ മൂന്നാം ഘട്ടത്തില്‍ തന്നെ നടപ്പിലാക്കും. ഇതുപ്രകാരം സര്‍ക്കാര്‍, മുനിസിപ്പല്‍, സ്വകാര്യ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കുകയും ബാക്കിയുള്ളവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണോ എന്ന് ഡല്‍ഹി സര്‍ക്കാരിന് തീരുമാനിക്കാം. കേന്ദ്ര സര്‍ക്കാരിനും തങ്ങളുടെ ജീവനക്കാരുടെ കാര്യത്തില്‍ സമാനമായ തീരുമാനം എടുക്കാം എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.