ജോഹന്നസ്ബര്‍ഗ്: നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം തടയുന്നതിനായി ആഗോളതലത്തില്‍ നിയമങ്ങള്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശനിയാഴ്ച ജി20 ഉച്ചകോടിയുടെ മൂന്നാം സെഷനില്‍ നിര്‍മിതബുദ്ധിയുടെ ദുരുപയോഗം സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കൂടാതെ സാങ്കേതിക നേട്ടങ്ങള്‍ ഒരു രാജ്യത്തില്‍ മാത്രം കേന്ദ്രീകൃതമാകരുതെന്നും ആഗോളതലത്തില്‍ ഏവര്‍ക്കും ലഭ്യമാകണമെന്നും അദേഹം പറഞ്ഞു. ഇന്ത്യയുടെ സാങ്കേതിക വളര്‍ച്ചകളില്‍ ഈ ആശയം സംയോജിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ ആപ്ലിക്കേഷനുകളിലായാലും എഐയിലായാലും ഡിജിറ്റല്‍ പേയ്മെന്റുകളിലായാലും അത് എല്ലാവര്‍ക്കും പ്രയോജനകരമായിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഗോള നന്മയ്ക്കായി എഐ ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ ദുരുപയോഗം തടയുന്നുണ്ടെന്നും എല്ലാവരും ഉറപ്പാക്കണം. ഇതിന് മനുഷ്യന്റെ മേല്‍നോട്ടം ആവശ്യമാണ്. സുരക്ഷ-രൂപകല്‍പന, സുതാര്യത, ഡീപ്പ്‌ഫേക്കുകള്‍, കുറ്റകൃത്യങ്ങള്‍, ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എഐ ഉപയോഗിക്കുന്നതിനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ആഗോളതലത്തില്‍ ഉണ്ടാകണമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. മനുഷ്യജീവിതത്തെയും സുരക്ഷയെയും പൊതുവിശ്വാസത്തെയും ബാധിക്കുന്ന എഐ സംവിധാനങ്ങള്‍ ഉത്തരവാദിത്വമുള്ളതായിരിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
നിര്‍മിത ബുദ്ധിയില്‍ വളര്‍ച്ചയുണ്ടായാലും തീരുമാനമെടുക്കുന്നതിനുള്ള ആത്യന്തിക ഉത്തരവാദിത്വം എല്ലായ്‌പ്പോഴും മനുഷ്യരിലായിരിക്കണമെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.