'മനുഷ്യര്‍ക്ക് 150 വര്‍ഷം വരെ ജീവിക്കാം'; പുതിയ അവകാശ വാദവുമായി ചൈനയിലെ ബയോ ടെക്‌നോളജി സ്ഥാപനം

'മനുഷ്യര്‍ക്ക് 150 വര്‍ഷം വരെ ജീവിക്കാം'; പുതിയ അവകാശ വാദവുമായി ചൈനയിലെ ബയോ ടെക്‌നോളജി സ്ഥാപനം

ബീജിങ്: മനുഷ്യര്‍ക്ക് 150 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ലോണ്‍വി ബയോ സയന്‍സസ് എന്ന ബയോ ടെക്‌നോളജി സ്ഥാപനം.

സോംബി കോശങ്ങളെ ലക്ഷ്യം വച്ചുള്ളതും മനുഷ്യന്റെ ആയുസ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ ആന്റി-ഏജിങ് ഗുളിക തങ്ങള്‍ വികസിപ്പിച്ചെടുത്തതായാണ് കമ്പനി പറയുന്നത്. ഈ ഗുളിക കഴിക്കുന്നതിലൂടെ വാര്‍ധക്യത്തെ മന്ദഗതിയിലാക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വാര്‍ധക്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കോശങ്ങളാണ് 'സോംബി കോശങ്ങള്‍' അഥവാ 'വാര്‍ദ്ധക്യ കോശങ്ങള്‍'. വിഭജനം നിര്‍ത്തുകയും എന്നാല്‍ ശരീരത്തില്‍ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുകയും ചെയ്യുന്ന കോശങ്ങളാണിവ. എല്ലാ ശാരീരിക ക്ഷയങ്ങള്‍ക്കും ഈ കോശങ്ങള്‍ കാരണമാകുന്നതായും ശാസ്ത്രജ്ഞര്‍ കരുതുന്നു.

ഈ കോശങ്ങളെ ലക്ഷ്യമിട്ടാണ് ലോണ്‍വി ബയോ സയന്‍സസ് വികസിപ്പിച്ചെടുത്ത ആന്റി ഏജിങ് മരുന്ന് പ്രവര്‍ത്തിക്കുക. മുന്തിരി വിത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രോസയാനിഡിന്‍ (procyanidin C1-PCC1) എന്ന തന്മാത്രയാണ് ഗുളികയിലെ പ്രധാന ഘടകം. ഇവ സോംബി കോശങ്ങളെ നിര്‍വീര്യമാക്കുകയും അതുവഴി വാര്‍ധക്യത്തിന്റെ വേഗത കുറച്ച് ആയുസ് വര്‍ധിപ്പിക്കുകയുമാണ് ഗുളിക ലക്ഷ്യമിടുന്നത്.

ലോണ്‍വി ബയോ സയന്‍സസിന്റെ ലാബുകളില്‍ എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ ശ്രദ്ധേയമായ ഫലങ്ങളാണ് നല്‍കിയത്. ഫോര്‍മുലേഷന്‍ നല്‍കിയ എലികളില്‍ മൊത്തത്തിലുള്ള ആയുസ്സില്‍ 9.4 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

അതേസമയം, എലികളില്‍ നടത്തിയ പഠനങ്ങള്‍ പ്രാഥമിക തലത്തില്‍ മാത്രമുള്ളതാണ്. ഗുളികയുടെ സുരക്ഷയെക്കുറിച്ചും മനുഷ്യരില്‍ ഇവ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ഇനിയും പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട് എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.