ബിഹാറില്‍ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പുതിയ പഠനം. പട്‌നയിലെ മഹാവീര്‍ കാന്‍സര്‍ സന്‍സ്താന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, പഞ്ചാബിലെ ജലന്ധറിലുള്ള ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി എയിംസ് എന്നി സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇതു സംബന്ധിച്ച പഠനം ബ്രിട്ടീഷ് പിയര്‍-റിവ്യൂഡ് ജേണലായ സയന്റിഫിക് റിപ്പോര്‍ട്ട്സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബിഹാറില്‍ നിന്ന് ശേഖരിച്ച മുലപ്പാലിന്റെ സാമ്പിളുകളില്‍ അഞ്ച് പിപിബി (പാര്‍ട്സ് പെര്‍ ബില്യണ്‍) വരെ യുറേനിയമാണ് കണ്ടെത്തിയതെന്ന് പഠനം പറയുന്നു. ബിഹാറിലെ വിവിധ ജില്ലകളില്‍ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുത്ത മുലയൂട്ടുന്ന നാല്‍പത് സ്ത്രീകളെയാണ് പഠന വിധേയരാക്കിയത്. പഠനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവരെ കൃത്യമായി അറിയിച്ചതിന് ശേഷമാണ് സാമ്പിളുകള്‍ ശേഖരിച്ചത്.
അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും കാന്‍സര്‍ വരാനുള്ള സാധ്യതയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അമ്മമാരില്‍ നിന്ന് മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലേയ്ക്ക് എത്തുന്ന യുറേനിയത്തിന്റെ അളവ് അപകടകരമായ നിലയിലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇത് കുഞ്ഞുങ്ങള്‍ക്ക് കാന്‍സര്‍ ഇതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. മാത്രമല്ല പഠനം നടത്തിയ പ്രദേശങ്ങളില്‍ മനുഷ്യരിലേക്ക് യുറേനിയം എത്തുന്നത് എങ്ങനെയെന്ന് കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം വേണമെന്നും പഠനം നിര്‍ദേശിക്കുന്നു.
ഇത്തരത്തില്‍ പഠനവിധേയരായ 70 ശതമാനം കുഞ്ഞുങ്ങള്‍ക്കും അമ്മമാരുടെ മുലപ്പാലിലെ യുറേനിയം കാരണം കാന്‍സര്‍ ഇതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും മൊത്തത്തില്‍ നോക്കുമ്പോള്‍ യുറേനിയത്തിന്റെ അളവ് അനുവദിനീയമായ പരിധിക്ക് താഴെയാണെന്ന് ഡല്‍ഹി എയിംസ് വ്യക്തമാക്കി. മുലപ്പാലിലെ യുറേനിയം കാരണം അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ അമ്മമാര്‍ തുടര്‍ന്നും കുഞ്ഞുങ്ങളെ മുലയൂട്ടണമെന്നും ഡോ. ശര്‍മ പറഞ്ഞു.
മാത്രമല്ല അടുത്ത കാലത്തായി ഭൂഗര്‍ഭ ജലത്തില്‍ നിന്നുള്ള യുറേനിയം കാരണം നിരവധി പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.