കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം ഗുണ്ടായിസം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദേശ പത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംസ്ഥാനത്ത് ഇതുവരെ കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിങ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതായും സതീശന്‍ ആരോപിച്ചു.
സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ത്ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്.
എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി. പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ത്ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടുമെന്നും നാമ നിര്‍ദ്ദേശ പത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.