ചര്‍ച്ച പരാജയം: കര്‍ഷകര്‍ 2,500 ഓളം ട്രാക്ടറുകളുമായി തലസ്ഥാനം വളയും; ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്

ചര്‍ച്ച പരാജയം: കര്‍ഷകര്‍ 2,500 ഓളം ട്രാക്ടറുകളുമായി തലസ്ഥാനം വളയും; ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്

ന്യൂഡല്‍ഹി: കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്. രാവിലെ പത്ത് മണിക്ക് മാര്‍ച്ച് തുടങ്ങും. മന്ത്രിതല സമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ സംഘടനകള്‍ തീരുമാനിച്ചത്. താങ്ങുവില സംബന്ധിച്ച് തീരുമാനത്തിലെത്താതിരുന്നതാണ് സമരത്തില്‍ ഉറച്ച് നില്‍ക്കാനുള്ള പ്രധാന കാരണം. ഇന്ന് രാവിലെ 2,500 ഓളം ട്രാക്ടറുകളുമായി മാര്‍ച്ച് നടത്താനാണ് തീരുമാനം.

സംയുക്ത കിസാന്‍ മോര്‍ച്ചയടക്കം 200 ഓളം കര്‍ഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ എപ്പോള്‍ വിളിച്ചാലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. താങ്ങുവില നിയമപരമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ഡല്‍ഹി ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കര്‍ഷക സംഘടനകളെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ വൈകിട്ട് അഞ്ചിന് ചണ്ഡിഗഡില്‍ യോഗം വിളിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, നിത്യാനന്ദ റായി എന്നിവരാണ് സംയുക്ത കിസാന്‍ മോര്‍ച്ച നോണ്‍ പൊളിറ്റിക്കല്‍, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുമായി ചര്‍ച്ച നടത്തിയത്. ഉന്നയിച്ച ഒന്‍പതാവശ്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. മന്ത്രിതല സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ കര്‍ഷകരുടെ ആവശ്യത്തില്‍ ധാരണയിലെത്തിയില്ല.

കര്‍ഷക പ്രതിഷേധത്തെ നേരിടാന്‍ ഡല്‍ഹി പൊലീസും തയ്യാറെടുപ്പുകള്‍ നടത്തി. ഹരിയാന അതിര്‍ത്തി ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിംഘു, ടിക്രി അതിര്‍ത്തികളില്‍ നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അതിര്‍ത്തികളില്‍ ട്രക്ക്, ട്രാക്ടര്‍, ട്രോളി തുടങ്ങിയവയ്ക്ക് മാര്‍ച്ച് 11 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി.

കര്‍ഷക പ്രതിഷേധത്തെ നേരിടാന്‍ ഹരിയാന പൊലീസ്, കോണ്‍ക്രീറ്റ് ബാരിക്കേഡുകളും കമ്പിവേലികളും, ഇരുമ്പാണികളും അടക്കമുള്ളവ റോഡില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ മറികടക്കാന്‍ ക്രെയിനുകള്‍ അടക്കമുള്ള സജ്ജീകരണങ്ങളുമായാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ പ്രക്ഷോഭത്തിന് തയ്യാറെടുത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.