സമുദ്ര സുരക്ഷയില്‍ വീണ്ടും കരുത്ത് തെളിയിക്കും; ലക്ഷദ്വീപില്‍ നാവിക താവളങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ

സമുദ്ര സുരക്ഷയില്‍ വീണ്ടും കരുത്ത് തെളിയിക്കും; ലക്ഷദ്വീപില്‍ നാവിക താവളങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ നാവിക താവളങ്ങള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. അഗത്തിയിലും മിനിക്കോയിയിലുമാണ് എയര്‍ബേസ് ഉള്‍പ്പെടെയുള്ള നാവിക താവളങ്ങള്‍ വരുന്നത്. മാര്‍ച്ച് നാലിനോ അഞ്ചിനോ നാവിക താവളമായ ഐഎന്‍എസ് ജടായുവിന്റെ നിര്‍മ്മാണ ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കും.

ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് വിക്രാന്ത് എന്നിവ ഉള്‍പ്പെടെ 15 ഓളം യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടുന്ന കപ്പല്‍ വ്യൂഹത്തിലായിരിക്കും പ്രതിരോധ മന്ത്രി മിനിക്കോയ് ദ്വീപിലെത്തുക. സമുദ്ര സുരക്ഷയുടെ കാര്യത്തില്‍ പുതിയ ചുവടുവയ്പ്പിനാകും ഇത് തുടക്കം കുറിക്കുക.

നാവികസേന കമാന്‍ഡര്‍മാരുടെ സംയുക്ത യോഗവും പ്രതിരോധ മന്ത്രിയുടെ ലക്ഷദ്വീപ് യാത്രക്കിടെ വിമാന വാഹിനികളില്‍ നടക്കും. ഗോവയില്‍ നിന്ന് കാര്‍വാര്‍-മിനിക്കോയില്‍ നിന്ന് കൊച്ചി വരെ യാത്ര ചെയ്തു കൊണ്ടാണ് യോഗം നടക്കുക. രണ്ടാം ഘട്ട യോഗം മാര്‍ച്ച് ആറ്,ഏഴ് തീയതികളില്‍ നടക്കും. മിനിക്കോയ് ദ്വീപില്‍ പുതിയ എയര്‍സ്ട്രിപ്പ് നിര്‍മിക്കാനും അഗത്തിയിലെ എയര്‍ സ്ട്രിപ്പ് നവീകരിക്കാനും ഐഎന്‍എസ് ജടായു നാവികത്താവളം അത്യാധുനിക നിലയില്‍ വികസിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

പുതിയ സേനാത്താവളങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ഇന്തോ-പസഫിക് മേഖലയിലെ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചരക്ക് നീക്കത്തെ മാത്രമല്ല ലക്ഷദീപിന്റെ അടിസ്ഥാന സൗകര്യ നവീകരണത്തിനും ടൂറിസത്തിനും പുതിയ പദ്ധതികള്‍ ശക്തി പകരും.

സൂയസ് കനാലില്‍ നിന്ന് തെക്ക്-കിഴക്കന്‍ ഏഷ്യയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകള്‍ കടന്നു പോകുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒന്‍പത് ഡിഗ്രി, 10 ഡിഗ്രി ചാനലുകള്‍ വഴിയാണ്. ഒന്‍പത് ഡിഗ്രി ചാനലില്‍ മിനിക്കോയ്, അഗത്തി ദ്വീപുകളും 10 ഡിഗ്രി ചാനലില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുമാണ് സ്ഥിതി ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.