തിരുവനന്തപുരം: ശുചിത്വ കേരളം ഉറപ്പാക്കാന്‍ കടുത്ത നിയമവുമായി സര്‍ക്കാര്‍. ഇതോടെ സംസ്ഥാനത്തെ സിവില്‍ നിയമങ്ങളില്‍ മാലിന്യ സംസ്‌ക്കരണം ഏറ്റവും കടുത്തതായി മാറി. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ഒരു വര്‍ഷം തടവും 50,000രൂപ പിഴയും ശിക്ഷ നല്‍കാനുള്ള 2024 ലെ കേരള പഞ്ചായത്ത്‌രാജ് (ഭേദഗതി), 2024 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകള്‍ നിയമസഭ ഇന്നലെ പാസാക്കിയിരുന്നു.
മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ വീഴ്ച വരുത്തുന്ന തദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും അവര്‍ക്കുള്ള പിഴ ഫണ്ടില്‍ നിന്നെടുക്കുമെന്നും മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ വീഴ്ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും ബില്ലിന്റെ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ മാലിന്യം തള്ളിയിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് അത് ഉടന്‍ നീക്കം ചെയ്യും. കൊച്ചിയില്‍ 18 മാസങ്ങള്‍ക്കുള്ളില്‍ അത്യാധുനിക കേന്ദ്രീകൃത മാലിന്യസംസ്‌ക്കരണ പ്‌ളാന്റ് നിര്‍മ്മിക്കും. തിരുവനന്തപുരത്ത് അതിനുള്ളസ്ഥലം കണ്ടെത്തുമെന്നും അദേഹം പറഞ്ഞു.
സംസ്ഥാനത്ത് 231 തദേശ സ്ഥാപനങ്ങള്‍ നൂറ് ശതമാനവും മാലിന്യ സംസ്‌കരണം നടത്തുന്നുണ്ട്. 321 എണ്ണം 90% കൈവരിച്ചു. എന്നാല്‍ 50% ല്‍ താഴെ മാത്രം പുരോഗതിയുളള 46 സ്ഥാപനങ്ങളും 30% താഴെ നേട്ടം കൈവരിച്ച് 11 സ്ഥാപനങ്ങളുമുണ്ട്. ശുചിത്വ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ 945 'ടെയ്ക്ക് എ ബ്രേക്ക്' കേന്ദ്രങ്ങള്‍ കുടുംബശ്രീക്കാരെ ഏല്‍പിക്കുമെന്നും മന്ത്രി അറിയിച്ചു.
മാലിന്യ സംസ്‌ക്കരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തദേശ സ്ഥാപനത്തിലെ സെക്രട്ടറിക്കായിരിക്കും.വീഴ്ച വരുത്തിയാല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല സെക്രട്ടറിക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ രണ്ട് ലക്ഷം രൂപ വരെ ചെലവാക്കാന്‍ അധികാരമുണ്ടായിരിക്കും. നേരത്തെ ഇത് 25000 രൂപയായിരുന്നു.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ ഒരു മാസത്തിനുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ പിഴ ചുമത്തും. യൂസര്‍ഫീ നല്‍കുന്നതില്‍ 90 ദിവസത്തിന് ശേഷവും വീഴ്ച വരുത്തിയാല്‍, പ്രതിമാസം 50% പിഴയോടു കൂടി വസ്തു നികുതിയോടൊപ്പം കുടിശികയായി ഈടാക്കാം. യൂസര്‍ഫീ യഥാസമയം അടയ്ക്കാത്ത വ്യക്തിക്ക് തദേശ സ്ഥാപനത്തില്‍ നിന്നുള്ള ഏതൊരു സേവനവും ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൂടാതെ ഏതെങ്കിലും വ്യക്തിയെ യൂസര്‍ ഫീയില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ അതിനുള്ള തുക തദേശ സ്ഥാപനം തനത് ഫണ്ടില്‍ നിന്ന് ഹരിത കര്‍മ്മസേനയ്ക്ക് അടയ്ക്കണം. അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ടവരെ യൂസര്‍ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 100 ല്‍ കൂടുതല്‍ ആളുകള്‍ ഒത്തു ചേരുന്ന പൊതുപരിപാടികള്‍ നടത്തുന്നതിന് മൂന്ന് ദിവസം മുന്‍പെങ്കിലും തദേശ സ്ഥാപനത്തില്‍ അറിയിക്കണം. മാലിന്യം നിശ്ചിത ഫീസ് നല്‍കി ശേഖരിക്കുന്നവര്‍ക്കോ ഏജന്‍സികള്‍ക്കോ കൈമാറണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് നികുതിയൊഴിവ് കിട്ടും. മാലിന്യം വലിച്ചെറിയുന്നത് അറിയിക്കുന്നവര്‍ക്ക് സമ്മാനവും ഉണ്ടായിരിക്കും. ദ്രവ മാലിന്യമോ വിസര്‍ജ്ജ്യ വസ്തുക്കളോ തെറ്റായ രീതിയില്‍ ഉപേക്ഷിക്കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടു കെട്ടാമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.