കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന് വന്‍ ബാധ്യത; പാട്ടക്കരാറും പാട്ടത്തുകയും വര്‍ധിപ്പിക്കാത്തത് തിരിച്ചടി: സിഎജി റിപ്പോര്‍ട്ട്

കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന് വന്‍ ബാധ്യത; പാട്ടക്കരാറും പാട്ടത്തുകയും വര്‍ധിപ്പിക്കാത്തത് തിരിച്ചടി: സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ സിഎജി. കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത വന്‍ തോതില്‍ കൂട്ടുന്നുവെന്നാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ടിലാണ് കിഫ്ബിക്കെതിരെ പരാമര്‍ശമുള്ളത്.

ഇതോടെ കിഫ്ബി വായ്പ ബാധ്യത അല്ലെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു. കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പെന്‍ഷന്‍ കമ്പനിയുടെ 11,206.49 കോടി കുടിശികയും സര്‍ക്കാരിന്റെ അധിക ബാധ്യതയാണ്.

ബജറ്റിന് പുറത്തു നിന്നുള്ള കടം വാങ്ങല്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ വെള്ളം ചേര്‍ത്തു. സാമ്പത്തിക സ്രോതസിനെ നിയമ സഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുകയാണ്. റവന്യൂ വരുമാനം 19.49 ശതമാനം കൂടി. പക്ഷെ, റവന്യൂ ചിലവും കൂടി. റവന്യൂ വരുമാനത്തിന്റെ 19.98 ശതമാനം പലിശ അടയ്ക്കാന്‍ വിനിയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

ഭൂമി പതിച്ചു നല്‍കുന്നതില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അനര്‍ഹര്‍ക്ക് ഭൂമി പതിച്ചു നല്‍കി. വിപണി വില ഈടാക്കിയില്ല. പതിച്ചു നല്‍കിയ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാട്ടക്കരാറും പാട്ടത്തുകയും സമയോചിതമായി വര്‍ധിപ്പിക്കാത്തത് സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. പാട്ട ഭൂമിയുടെ അനധികൃത വില്‍പന തടയാന്‍ നടപടി എടുത്തില്ല. പാട്ടത്തുക നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം നടപ്പാക്കിയില്ല.

തലസ്ഥാനത്തെ രണ്ട് ക്ലബ്ബുകള്‍ക്ക് പാട്ടത്തുക ഒഴിവാക്കിയത് 29 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.