കാട്ടാനയുടെ ആക്രമണം: പുല്‍പ്പള്ളിയില്‍ പോളിന്റെ മൃതദേഹവുമായി ജനപ്രതിനിധികളും വൈദികരും അടങ്ങുന്ന വന്‍ ജനാവലിയുടെ പ്രതിഷേധം

കാട്ടാനയുടെ ആക്രമണം: പുല്‍പ്പള്ളിയില്‍ പോളിന്റെ മൃതദേഹവുമായി ജനപ്രതിനിധികളും വൈദികരും അടങ്ങുന്ന വന്‍ ജനാവലിയുടെ പ്രതിഷേധം

കല്‍പറ്റ: ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വി.പി പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളി ടൗണില്‍ നാട്ടുകാരുടെ വന്‍ പതിഷേധം. പുല്‍പ്പള്ളി ടൗണില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ജനപ്രതിനിധികളും വൈദികരും അടങ്ങുന്ന സംഘമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

കുറുവ എക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോളിനെ ഇന്നലെ രാവിലെയാണ് കുറുവദ്വീപിലേക്കുള്ള വഴിയില്‍ വനത്തിനുള്ളിലെ ചെറിയമല ജങ്ഷനില്‍ വെച്ച് കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകള്‍ക്കു ഗുരുതര പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

17 ദിവസത്തിനിടെ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പോള്‍. കാട്ടാനയുടെ ആക്രമണത്തില്‍ ജനുവരി 29 ന് തോല്‍പെട്ടി നരിക്കല്ലില്‍ കാപ്പിത്തോട്ടത്തില്‍ കാവല്‍ക്കാരനായിരുന്ന ലക്ഷ്മണന്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി പത്തിന് മാനന്തവാടി ചാലിഗദ്ദയില്‍ അയല്‍വാസിയുടെ വീട്ടുമുറ്റത്തുവച്ച് പനച്ചിയില്‍ അജീഷ് എന്നയാളും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. വയനാട്ടില്‍ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് മനുഷ്യ ജീവനുകള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ സര്‍ക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെയാണ് വയനാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

കാട്ടാന ആക്രമണത്തില്‍ 17 ദിവത്തിനിടയില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.