മറൈന്‍ ഡ്രൈവില്‍ വ്യാപക റെയ്ഡ്; പെട്ടത് വീട്ടിലറിയാതെ വന്ന കുട്ടികളും ലഹരി കേസ് പ്രതിയും

മറൈന്‍ ഡ്രൈവില്‍ വ്യാപക റെയ്ഡ്; പെട്ടത് വീട്ടിലറിയാതെ വന്ന കുട്ടികളും ലഹരി കേസ് പ്രതിയും

കൊച്ചി: മറൈന്‍ ഡ്രൈവില്‍ പൊലീസിന്റെ വ്യാപക റെയ്ഡ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദര്‍ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലാണ് വ്യാപക റെയ്ഡ് നടന്നത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ മയക്കുമരുന്ന് വിപണനവും ഉപഭോഗവും സ്ത്രീകളോടുള്ള അതിക്രമവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

റെയ്ഡില്‍ രണ്ട് മയക്കുമരുന്ന് കേസുകളും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതില്‍ ഒരു കേസും പൊതു സ്ഥലത്ത് മദ്യപിച്ചതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. കേസില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തു.

കൂടാതെ മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ചോറ്റാനിക്കര സന്തോഷ് എന്ന സനീഷ് (22) നെ പൊലീസ് പിടികൂടി.
16 ഉം 15 ഉം വയസുള്ള പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ വീട്ടില്‍ പറയാതെയാണ് വന്നതെന്ന് മനസിലാക്കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതരായി ഏല്‍പ്പിക്കുകയും ചെയ്തു. പൊതുജനത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ രാജു, സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ആര്‍ ജയകുമാര്‍ കണ്ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ വൈ. നിസാമുദ്ധീന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു റെയ്ഡ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.