ദൗത്യം വീണ്ടും പ്രതിസന്ധിയില്‍; കര്‍ണാടക വനാതിര്‍ത്തി കടന്ന് ബേലൂര്‍ മഖ്ന

ദൗത്യം വീണ്ടും പ്രതിസന്ധിയില്‍; കര്‍ണാടക വനാതിര്‍ത്തി കടന്ന് ബേലൂര്‍ മഖ്ന

മാനന്തവാടി: ബേലൂര്‍ മഖ്‌ന ദൗത്യം വീണ്ടും പ്രതിസന്ധിയില്‍. ആന കര്‍ണാടക വനാതിര്‍ത്തി കടന്ന് നാഗര്‍ഹോള വനത്തിലേയ്ക്ക് കടന്നു. വനാതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് കാട്ടാന നിലവിലുള്ളത്. ഉള്‍വനം ലക്ഷ്യമാക്കി ബേലൂര്‍ മഖ്ന നീങ്ങുന്നതായി റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലില്‍ നിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടക വനത്തിലൂടെ സഞ്ചരിക്കുന്ന ആന കൂടുതല്‍ ഉള്‍വനത്തിലേക്ക് നീങ്ങുകയാണ്. ഇത് രണ്ടാം തവണയാണ് ആന കര്‍ണാടക അതിര്‍ത്തിയിലെത്തുന്നത്. ഇപ്പോള്‍ ബേലൂര്‍ മഖ്‌ന കര്‍ണാടക വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കൂടെയുണ്ടായിരുന്ന മോഴയാന ഇന്നലെ മുതല്‍ ബേലൂര്‍ മഗ്‌നയുടെ കൂടെയില്ല.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ പുഴ മുറിച്ച് കടന്നാണ് കാട്ടാന നാഗര്‍ഹോളയില്‍ പ്രവേശിച്ചത്. ആന നാഗര്‍ഹോളയിലേക്ക് കടന്നതോടെ മയക്കുവെടിവച്ച് പിടികൂടാനുള്ള കേരളത്തിന്റെ നീക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. കര്‍ണാടക വനത്തില്‍ കയറി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനോ തിരികെ കൊണ്ടു വരാനോ കേരള വനം വകുപ്പിന് സാധിക്കില്ല. മയക്കുവെടിവയ്ക്കാനുള്ള കേരള വനം വകുപ്പ് വാര്‍ഡന്റെ ഉത്തരവ് കേരളത്തിന്റെ ഭൂപ്രദേശത്ത് മാത്രമാണ് ബാധകമാവുക.

മാത്രമല്ല കാട്ടാനയെ മയക്കുവെടി വയ്ക്കാന്‍ കര്‍ണാടക വനം വകുപ്പ് ഉത്തരവിട്ടിട്ടില്ല. മയക്കുവെടി വിദഗ്ധന്‍ വനം വെറ്ററിനറി സീനിയര്‍ സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 200 അംഗ കേരള ദൗത്യസംഘവും 25 അംഗ കര്‍ണാടക വനപാലക സംഘവുമുള്‍പ്പെടെ 225 പേരാണ് ആനക്കായി തിരച്ചില്‍ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.