രണ്ട് വയസുകാരിയുടെ തിരോധാനം: അന്വേഷണം മൂന്ന് ടീമുകളായി തിരിഞ്ഞ്; സഹോദരന്റെ മൊഴിയില്‍ വൈരുധ്യമെന്ന് കമ്മിഷണര്‍

രണ്ട് വയസുകാരിയുടെ തിരോധാനം: അന്വേഷണം മൂന്ന് ടീമുകളായി തിരിഞ്ഞ്; സഹോദരന്റെ മൊഴിയില്‍ വൈരുധ്യമെന്ന് കമ്മിഷണര്‍

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് കാണാതായ രണ്ട് വയസുകാരി മേരിയുടെ തിരോധാനത്തില്‍ മൂന്ന് ടീമുകളായി അന്വേഷണം നടക്കും. തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ ഷാഡോ സംഘത്തെയും അന്വേഷണത്തിന് വിന്യസിച്ചു. തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിലും കന്യാകുമാരിയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണോയെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. നിലവില്‍ സിസിടിവികള്‍ പരിശോധിക്കുകയാണ്. കുട്ടിയെ കാണാതായിട്ട് പത്ത് മണിക്കൂര്‍ പിന്നിട്ടു. കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

കറുപ്പില്‍ പുള്ളിയുള്ള ടീഷര്‍ട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമര്‍ദ്വീപ് റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായത്.

അതേസമയം മേരിയുടെ സഹോദരന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് കമ്മീഷണര്‍ സി.എച്ച് നാഗരാജു വ്യക്തമാക്കുന്നത്. സ്‌കൂട്ടറിലെത്തിയവര്‍ ചോക്ലേറ്റ് നല്‍കി കുട്ടിയെ കൊണ്ടുപോയെന്നായിരുന്നു ആദ്യമൊഴി. പിന്നീട് തട്ടിക്കൊണ്ടുപോയെന്ന് കുട്ടികള്‍ തിരുത്തിയതായി പൊലീസ് അറിയിച്ചു.

കേസില്‍ എല്ലാവശവും പരിശോധിക്കുമെന്ന് കമ്മിഷണര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. അതിന് സമയമെടുക്കുമെന്നും പ്രാഥമിക വിവരങ്ങള്‍ പ്രകാരം പല വശങ്ങള്‍ പരിശോധിക്കുന്നുവെന്നും കമ്മിഷണര്‍ അറിയിച്ചു. കുട്ടിയുടെ സഹോദരന്‍ പറഞ്ഞ പ്രകാരം സ്‌കൂട്ടറില്‍ തന്നെയാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും കൃത്യമായ ലീഡ് ഇതുവരെ കിട്ടിയിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ കുടുംബത്തിന് ഒപ്പം താമസിച്ചിരുന്നവര്‍, ലോറി ഡ്രൈവര്‍മാര്‍ എന്നിവരുടെ മൊഴിയും എടുക്കുന്നുണ്ട്. സ്‌കൂട്ടറിലാണ് കുട്ടിയെ കൊണ്ടുപോയതെന്ന് മേരിയുടെ മൂത്തസഹോദരന്‍ പറഞ്ഞെങ്കിലും പിന്നീട് ചോദിച്ചപ്പോള്‍ ഇളയ സഹോദരന്‍ പറഞ്ഞ അറിവാണെന്ന് തിരുത്തുകയായിരുന്നു.

പൊലീസ് നായ കുട്ടിയെ കാണാതായതിന്റെ 400 മീറ്റര്‍ അകലെ വരെ പോയിരുന്നു. എന്നാല്‍ സഹോദരന്റെ മൊഴിയില്‍ പറയുന്ന വഴിയിലൂടെയല്ല പൊലീസ് നായ പോയത്. നായ പോയത് സ്‌കൂട്ടര്‍ പോയെന്ന് കുട്ടി പറഞ്ഞതിന്റെ എതിര്‍ദിശയിലൂടെയായിരുന്നു. കുട്ടിക്കായി സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തും ചതുപ്പിലും പരിശോധന നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.