തിരുവനന്തപുരം: അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍കരിക്കാന്‍ ഫീസ് നിശ്ചയിച്ച് ചട്ടങ്ങള്‍ പുറത്തിറക്കി. 2019 നവംബര്‍ ഏഴിനു മുന്‍പ് നിര്‍മിച്ചതോ കൂട്ടിച്ചേര്‍ത്തതോ പുനര്‍ നിര്‍മിച്ചതോ പൂര്‍ത്തീകരിച്ചതോ ആയ കെട്ടിടങ്ങളാണ് കോമ്പൗണ്ടിങ് ഫീസ് ഈടാക്കി ക്രമീകരിക്കുക. പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ക്ക് മാത്രമാണ് വിജ്ഞാപനമായത്. 1000 രൂപ മുതല്‍ പതിനായിരത്തിന് മുകളില്‍ വരെ ഫീസുണ്ട്.
കെട്ടിടത്തിന്റെ ഒരുഭാഗം മാത്രമാണ് അനധികൃതമെങ്കിലും കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം കണക്കാക്കി പിഴ നല്‍കണം. റോഡില്‍ നിന്ന് നിശ്ചിത അകലം പാലിച്ചില്ലെങ്കില്‍ ഭൂമിയുടെ ന്യായ വില അടിസ്ഥാനമാക്കിയായിരിക്കും ഫീസ്.
വിജ്ഞാപനം ചെയ്ത റോഡുകളില്‍ നിന്ന് മൂന്ന് മീറ്റര്‍ ദൂരപരിധിയില്ലാത്ത കെട്ടിടങ്ങളും ക്രമവത്കരിക്കാം എന്നതാണ് പ്രധാനപ്പെട്ട മാറ്റം. മുന്‍വര്‍ഷങ്ങളില്‍ 60 ചതുരശ്രമീറ്റര്‍ വരെയുള്ള വീടുകളെയായിരുന്നു അപേക്ഷാഫീസില്‍ നിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 ചതുരശ്രമീറ്റര്‍ വരെയാക്കി.
മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും അപേക്ഷാ ഫീസ് വ്യത്യസ്തമായിരുന്നത് ഏകീകരിച്ചു. വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും അപേക്ഷാ ഫീസും കുറച്ചിട്ടുണ്ട്. നഗരസഭകളുടെ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. അതിനുശേഷമേ എന്ന് മുതല്‍ നടപ്പാക്കൂവെന്ന് തീരുമാനിക്കൂ. ജില്ലാതല ക്രമവല്‍കരണ കമ്മിറ്റിയുടെ തീരുമാനത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ സംസ്ഥാന സമിതിക്കും സര്‍ക്കാരിനും അപ്പീല്‍ നല്‍കാം.
അംഗീകൃത വികസന പദ്ധതികള്‍ക്ക് വിരുദ്ധമായത്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്, നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിക്കുന്നത് എന്നിവയൊന്നും ക്രമവത്കരിക്കില്ല.
സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും അനധികൃത നിര്‍മാണങ്ങള്‍ക്ക് കോമ്പൗണ്ടിങ് ഫീസ് ഇല്ല. എയ്ഡഡ് സ്‌കൂളുകള്‍ക്കും ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും ലൈബ്രറികള്‍ക്കും സാധാരണ കോമ്പൗണ്ടിങ് ഫീസിന്റെ 25 ശതമാനം നല്‍കണം.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് അംഗീകൃത ക്ലിനിക്കുകള്‍, ഭിന്നശേഷി സ്ഥാപനങ്ങള്‍, ബഡ്സ് സ്‌കൂളുകള്‍-പുനരധിവാസ കേന്ദ്രങ്ങള്‍, വൃദ്ധ സദനങ്ങള്‍, അനാഥാലയങ്ങള്‍, ക്രഷുകള്‍, ഡേ കെയര്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, തദേശ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഓഫീസുകള്‍ എന്നിവയ്ക്ക് 50 ശതമാനം നല്‍കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.