97 ശതമാനം വിദ്യാര്‍ഥികളും സ്മാര്‍ട്ട് ഫോണില്‍; സ്‌കൂളുകളില്‍ സമ്പൂര്‍ണ മൊബൈല്‍ നിരോധനത്തിനൊരുങ്ങി യുകെ

97 ശതമാനം വിദ്യാര്‍ഥികളും സ്മാര്‍ട്ട് ഫോണില്‍; സ്‌കൂളുകളില്‍ സമ്പൂര്‍ണ മൊബൈല്‍ നിരോധനത്തിനൊരുങ്ങി യുകെ

ലണ്ടന്‍: സ്‌കൂളുകളില്‍ സമ്പൂര്‍ണ മൊബൈല്‍ നിരോധനത്തിനൊരുങ്ങി യു.കെ. കുട്ടികളുടെ സ്വഭാവ രൂപീകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം സ്‌കൂളില്‍ ചെലവഴിക്കുന്ന സമയം കൂടുതല്‍ ഗുണകരമാക്കുകയാണ് നിരോധനമേര്‍പ്പെടുത്തുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിച്ചു.

മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മൊബൈല്‍ നിരോധനത്തിന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെ പ്രധാന അധ്യാപകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സ്‌കൂളുകളിലെ 97 ശതമാനം വിദ്യാര്‍ഥികളും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതായി നേരത്തെ ഓഫ്‌കോം ഡാറ്റ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.

പ്രധാന അധ്യാപകരുമായി കൂടിയാലോചിച്ചാണ് ഫോണ്‍ നിരോധനം നടപ്പാക്കിയതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ പറഞ്ഞു. അറിവ് നേടാനും സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും ആളുകളോട് സംസാരിക്കാനും ഇടപെഴകാനുമാണ് സ്‌കൂളില്‍ പോകുന്നത്. അവിടെ ചെന്ന് മൊബൈല്‍ ഫോണില്‍ മുഴുകാനോ സന്ദേശങ്ങള്‍ അയക്കാനോ അല്ല, അതിനുപകരം ക്ലാസിലുള്ളവരോട് തുറന്നു സംസാരിക്കാമെന്നും വിദ്യാഭ്യാസ സെക്രട്ടറി വിദ്യാര്‍ഥികളോട് പറഞ്ഞു.

നിരോധനത്തിനൊപ്പം നില്‍ക്കാന്‍ രക്ഷിതാക്കളും മുന്നോട്ട് വരണമെന്നും അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി നേരിട്ട് ബന്ധപ്പെടുന്നതിന് പകരം സ്‌കൂള്‍ ഓഫീസ് വഴി ബന്ധപ്പെടണമെന്നാണ് പുതിയ നിര്‍ദേശം.

സമ്പൂര്‍ണ മൊബൈല്‍ ഫോണ്‍ നിരോധനത്തിന് ചില മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നുണ്ട്. സ്‌കൂളുകളിലേക്ക് വരുന്നതിന് മുമ്പ് മൊബൈല്‍ ഫോണുകള്‍ വീടുകളില്‍ തന്നെ സൂക്ഷിക്കുക. അതല്ലെങ്കില്‍ ക്ലാസ്മുറികളിലെത്തിയാലുടന്‍ മൊബൈല്‍ ഫോണുകള്‍ അധ്യാപകര്‍ക്കു കൈമാറുക. മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ കാണാത്ത ഇടങ്ങളില്‍ സൂക്ഷിക്കുക. ഇനിയിതൊന്നുമല്ലെങ്കില്‍ ഒരിക്കലും സ്‌കൂള്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുവാങ്ങി കുട്ടികളോട് തന്നെ അവരുടെ ബാഗുകളില്‍ മൊബൈല്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെടാം.

ഈ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാനും സ്‌കൂള്‍ ജീവനക്കാര്‍ക്ക് അധികാരമുണ്ട്. നിയമലംഘനം തുടര്‍ക്കഥയായാല്‍ കുട്ടികളെ ശിക്ഷിക്കുകയും ചെയ്യാം. മൊബൈല്‍ ഫോണ്‍ ഉപയോഗം കുറക്കുന്നത് കൂടുതല്‍ സമയം ലഭിക്കാന്‍ കാരണമാകും. മൊബൈല്‍ ഒഴിവാക്കുമ്പോള്‍ സമാന പ്രായക്കാരുമായുള്ള മുഖാമുഖ ആശയവിനിമയം സാധ്യമാകുന്നു. അടുത്തുള്ളവരെ പരിഗണിക്കാന്‍ സാധിക്കുന്നു. മാനസിക വളര്‍ച്ചക്ക് ഈ സാമൂഹിക ബന്ധം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.