'ഒരു ആധാര്‍ നമ്പറും റദ്ദാക്കിയിട്ടില്ല'; സംശയമുണ്ടെങ്കില്‍ പരാതിപ്പെടാമെന്ന് യുഐഡിഎഐ

'ഒരു ആധാര്‍ നമ്പറും റദ്ദാക്കിയിട്ടില്ല'; സംശയമുണ്ടെങ്കില്‍ പരാതിപ്പെടാമെന്ന് യുഐഡിഎഐ

ന്യൂഡല്‍ഹി: ഒരു ആധാര്‍ നമ്പറും റദ്ദാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പരാതിപ്പെടാം. ആധാര്‍ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആധാര്‍ നമ്പര്‍ ഉടമകള്‍ക്ക് കാലാകാലങ്ങളില്‍ നോട്ടീസ് നല്‍കാറുണ്ടെങ്കിലും ഒരു നമ്പറും ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് യുഐഡിഎഐ അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടയാന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ നിര്‍ജീവമാക്കിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് യുഐഡിഎഐ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ ഉടമകള്‍ക്ക് കാലാകാലങ്ങളില്‍ അറിയിപ്പുകള്‍ നല്‍കാറുണ്ട്. ഏതെങ്കിലും ആധാര്‍ നമ്പര്‍ ഉടമയ്ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ യുഐഡിഎഐയുടെ https://uidai.gov.in/en/contact-support/feedback.html എന്ന വിലാസത്തില്‍ പരാതി അയയ്ക്കാവുന്നതാണ്. അവരുടെ പ്രശ്‌നം പരിഹരിക്കപ്പെടും.

സബ്സിഡികള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ഉപയോഗിക്കണം. ആധാര്‍ ഡാറ്റാബേസിന്റെ കൃത്യത നിലനിര്‍ത്തുന്നതിന്, രേഖകളും ആധാര്‍ വിവരങ്ങളും അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടി അതോറിറ്റി ആരംഭിച്ചതായി യുഐഡിഎഐ അതിന്റെ വെബ്സൈറ്റില്‍ അറിയിച്ചു.
ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലെങ്കിലും സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ പദ്ധതികള്‍ തന്റെ സര്‍ക്കാര്‍ തുടരുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ജീവമാക്കുകയാണെന്നും മമത ആരോപിച്ചിരുന്നു. ബംഗാളിലെ പല ജില്ലകളിലും നിരവധി ആധാര്‍ കാര്‍ഡുകള്‍ കേന്ദ്രം നിര്‍ജീവമാക്കിയെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ബാങ്കുകളിലൂടെയും സൗജന്യ റേഷനിലൂടെയും 'ലക്ഷ്മി ഭണ്ഡാര്‍' പോലുള്ള പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്രം ഇത് ചെയ്യുന്നതെന്നും മമത കുറ്റപ്പെടുത്തുകയുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.