തിരുവനന്തപുരം: രാജ്യത്തെ പിന്നോക്ക-പട്ടിക ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണം വര്‍ഗീയ വിപത്തെന്ന് പ്ലസ് വണ്‍ പാഠപുസ്തകത്തില്‍ പരാമര്‍ശം. ഇതിന് പരിഹാരം സാമ്പത്തിക സംവരണമാണെന്നും പുസ്തകത്തില്‍ പറയുന്നു. പ്ലസ് വണ്‍ സ്റ്റേറ്റ് സിലബസില്‍പ്പെട്ട ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹ്യ പ്രവര്‍ത്തനം എന്ന വിഷയത്തിലെ പാഠഭാഗത്തിലാണ് പരമാര്‍ശം.
പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി എസ്.സി.ഇ.ആര്‍.ടി 2019 ല്‍ തയ്യാറാക്കിയ ഈ പാഠഭാഗം സോഷ്യല്‍ വര്‍ക്ക് വിഷയം ഓപ്ഷനായി എടുത്ത കുട്ടികള്‍ നിര്‍ബന്ധമായും പഠിക്കേണ്ടതാണ്. ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികളെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത് പഠിപ്പിക്കുന്നു.
വര്‍ഗീയതയുടെ പരിണിത ഫലങ്ങളെക്കുറിച്ചാണ് പാഠഭാഗത്തില്‍ ആദ്യം വിവരിക്കുന്നത്. വര്‍ഗീയത മൂലം സാമൂഹ്യ ഐക്യം തകരാറിലായേക്കാമെന്നും സാമുദായിക സംഘടനകള്‍ സാമൂഹ്യ, സാംസ്‌കാരിക വികസനത്തിന് ഭീഷണിയാകുമെന്നും പറയുന്നു. അക്രമവും സാമൂഹ്യ അരാജകത്വവും സമൂഹത്തില്‍ മുന്നിട്ട് നില്‍ക്കും. ലഹളകള്‍ സ്ത്രീകളെയും കുട്ടികളെയുമാണ് കൂടുതല്‍ ബാധിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ ഭയവും ഇച്ഛാഭംഗവും സൃഷ്ടിക്കും. വര്‍ഗീയ സംഘര്‍ഷങ്ങളുടെ മറവില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടമാടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
വര്‍ഗീയ വിപത്ത് നിയന്ത്രിക്കുന്നതിനുള്ള എട്ട് പരിഹാര മാര്‍ഗങ്ങളും പുസ്തകത്തില്‍ നിര്‍ദേശിക്കുന്നു. ഇതില്‍ അഞ്ചാമത്തേതാണ് സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുകയെന്നത്. രാഷ്ട്രീയത്തില്‍ നിന്ന് മതവിശ്വാസത്തെ ഒഴിവാക്കുക, സാമുദായിക തീവ്ര വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുക തുടങ്ങിയവയാണ് മറ്റ് പരിഹാരങ്ങളായി പറയുന്നത്.
നിഗമനങ്ങള്‍ വിവാദമാവുമെന്ന് അറിയാവുന്നതിനാല്‍, പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് മാത്രമാണ് പുറത്തിറക്കിയത്. മലയാളം പരിഭാഷ അച്ചടിച്ച് ഇറക്കിയിട്ടില്ല. എസ്.സി.ഇ.ആര്‍.ടി വെബ് സൈറ്റിലാണ് നല്‍കിയിട്ടുള്ളത്. അധ്യാപകര്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് കുട്ടികളെ പഠിപ്പിക്കണം. നോട്ടുകള്‍ തയ്യാറാക്കി നല്‍കണം. കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ പ്രിന്റെടുക്കാം എന്നതാണ് രീതി.
സാമുദായിക സംവരണത്തിനെതിരെ കുട്ടികളില്‍ വിഷം കുത്തി വയ്ക്കുന്ന നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ സവര്‍ണ ഉദ്യോഗസ്ഥ ലോബിയാണെന്നാണ് ആക്ഷേപം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.