പൊലീസ് എഫ്.ഐ.ആറിന് പുറമെ വകുപ്പുതല അന്വേഷണവും; ലൈസന്‍സ് റദ്ദാക്കല്‍ നടപടിക്ക് പുതിയ മാര്‍ഗരേഖ

പൊലീസ് എഫ്.ഐ.ആറിന് പുറമെ വകുപ്പുതല അന്വേഷണവും; ലൈസന്‍സ് റദ്ദാക്കല്‍ നടപടിക്ക് പുതിയ മാര്‍ഗരേഖ

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ നടത്തുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാര്‍ഗരേഖ വരുന്നു. നിലവില്‍ പൊലീസിന്റെ എഫ്.ഐ.ആര്‍ മാത്രം കണക്കാക്കിയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നത്. ഇതുമാത്രം മാനദണ്ഡം ആക്കേണ്ടതില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ തീരുമാനം. ഇത്തരം സംഭവങ്ങളില്‍ വകുപ്പും സ്വതന്ത്ര അന്വേഷണം നടത്തും.

ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യേണ്ട കുറ്റമാണെന്ന് നേരിട്ട് ഉറപ്പാക്കിയിട്ടേ തുടര്‍ നടപടികളിലേക്ക് കടക്കൂ. രണ്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ വലിയ വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരേയായിരിക്കും മിക്കവാറും പൊലീസ് എഫ്.ഐ.ആറില്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍. അപകടമുണ്ടാക്കിയതും അപകടത്തിനിടയാക്കിയതുമായ സാഹചര്യവും പശ്ചാത്തലവും പലപ്പോഴും പരാമര്‍ശിക്കാറില്ല.

ചെറിയ വാഹനം വന്നിടിച്ചിട്ട് പോയാലും ലൈസന്‍സ് പോകുന്നത് പലപ്പോഴും വലിയ വാഹനം ഓടിച്ച ഡ്രൈവറുടേതാണെന്ന ആക്ഷേപം വ്യാപകമാണ്. കൂടാതെ ചെറിയ കുറ്റങ്ങളിലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നുവെന്ന പരാതികളുമുണ്ട്. ഈ സാഹചര്യത്തിലാണ് അപകടക്കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പും സ്വന്തമായി അന്വേഷണം നടത്തുന്നത്.

ലൈസന്‍സുകള്‍ താല്‍കാലികമായാണ് സസ്പെന്‍ഡ് ചെയ്യുന്നത്. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് മൂന്ന് മാസം മുതല്‍ മുകളിലേക്ക് ഇത് നീളാം. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ലൈസന്‍സ് തിരികെ ലഭിക്കണമെങ്കില്‍ കുറെ നടപടിക്രമങ്ങള്‍ പാലിക്കണം. പ്രതിമാസം സംസ്ഥാനത്ത് ആയിരക്കണക്കിന് ലൈസന്‍സുകളാണ് സസ്പെന്‍ഡ് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.