മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭ: ചര്‍ച്ച തൃപ്തികരമെന്ന് നേതാക്കള്‍; അന്തിമ തീരുമാനം ചെവ്വാഴ്ചയെന്ന് ലീഗ്

മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭ: ചര്‍ച്ച തൃപ്തികരമെന്ന് നേതാക്കള്‍; അന്തിമ തീരുമാനം ചെവ്വാഴ്ചയെന്ന് ലീഗ്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം ഒരു രാജ്യസഭാ സീറ്റ് നല്‍കും. ആലുവ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതൃത്വം ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വച്ചത്.

ഇക്കാര്യത്തില്‍ 27 ന് ലീഗ് നേതാക്കള്‍ പാണക്കാട് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വാഗ്ദാനം ലീഗിന് സ്വീകാര്യമായതായാണ് ലഭിക്കുന്ന വിവരം. കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായ പ്രകടനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

'തൃപ്തികരമായ ചര്‍ച്ചയാണ് നടന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥലത്തില്ലാത്തതിനാല്‍ അദേഹം തിരിച്ചെത്തി പാണക്കാട് വച്ച് ലീഗ് യോഗം ചേരും. ഇന്നത്തെ ചര്‍ച്ചകള്‍ വിലയിരുത്തി 27 ന് അന്തിമ തീരുമാനം ലീഗ് സ്വീകരിക്കും'- യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗിന് ഉറപ്പ് ലഭിച്ചോ എന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ വേണ്ടെന്നും അന്തിമ തീരുമാനം ലീഗ് യോഗത്തിന് ശേഷം അറിയിക്കാമെന്നും അദേഹം വ്യക്തമാക്കി. വിഷയത്തില്‍ കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിഷയത്തില്‍ യുഡിഎഫ് പൂര്‍ണമായും സംതൃപ്തരാണന്ന് ചര്‍ച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. വളരെ ഭംഗിയായി എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാക്കി. 27 ന് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാമെന്നും അദേഹം പറഞ്ഞു.

ലീഗിനെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പി.എം.എ സലാം, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.