സിഡ്നി: 120 വര്‍ഷങ്ങള്‍ക്കു മുന്‍പ് 32 ജീവനക്കാരോടൊപ്പം സമുദ്രത്തില്‍ അപ്രത്യക്ഷമായ കപ്പലിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ ഒടുവില്‍ ഓസ്‌ട്രേലിയയിലെ സിഡ്നി തീരത്ത് ആഴക്കടലില്‍ കണ്ടെത്തി. സമുദ്രത്തിനിടയില്‍ പര്യവേക്ഷണം നടത്തുന്ന മറൈന്‍ സര്‍വീസസ് കമ്പനിയിലെ ജീവനക്കാരാണ് ഒരു നൂറ്റാണ്ടിലേറെ കാലത്തിനുശേഷം കാണാതായ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ആകസ്മികമായി കണ്ടെത്തിയത്. സിഡ്‌നി തീരത്തുനിന്ന് 26 കിലോമീറ്റര്‍ അകലെ 525 അടി ആഴത്തിലാണ് 1,393 ടണ്‍ ഭാരമുള്ള കപ്പലുള്ളതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
1904 ജൂലൈയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണിലേക്ക് കല്‍ക്കരി കൊണ്ടുപോയിരുന്ന എസ് എസ് നെമെസിസ് എന്ന ചരക്ക് കപ്പലാണ് 120 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്. 1904ല്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ അകപ്പെട്ടതിനെ തുടര്‍ന്നാണ് 32 ജീവനക്കാരുമായി കപ്പല്‍ സമുദ്രത്തില്‍ അപ്രത്യക്ഷമായത്. അപകടമുണ്ടായി ആഴ്ചകള്‍ക്ക് ശേഷം സിഡ്‌നിയിലെ വിവിധ ബീച്ചുകളില്‍ നിന്ന് കപ്പലിലെ ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ 240 അടി ഉയരമുള്ള കപ്പല്‍ എവിടെ മറഞ്ഞു പോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കൂറ്റന്‍ തിരമാലയില്‍പ്പെട്ട് വളരെപ്പെട്ടെന്ന് കപ്പല്‍ മുങ്ങിയതിനാല്‍ നാവികര്‍ക്ക് ലൈഫ്ബോട്ടുകളുപയോഗിച്ച് രക്ഷപ്പെടാനായില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കപ്പല്‍ കണ്ടെത്തിയതിനാല്‍ അതിലുണ്ടായിരുന്ന ഓസ്ട്രേലിയന്‍, ബ്രിട്ടീഷ്, കനേഡിയന്‍ ക്രൂ അംഗങ്ങളുടെ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ അറിയിച്ചു. ബ്രിട്ടീഷ് നിര്‍മ്മിത കപ്പലിലെ പകുതിയോളം ജീവനക്കാരും യുകെയില്‍ നിന്നുള്ളവരായിരുന്നു. 40 കുട്ടികള്‍ക്കാണ് അവരുടെ രക്ഷകര്‍ത്താവിനെ അന്നു നഷ്ടപ്പെട്ടതെന്ന് ന്യൂ സൗത്ത് വെയില്‍സ് പരിസ്ഥിതി, പൈതൃക മന്ത്രി പെന്നി ഷാര്‍പ്പ് പറഞ്ഞു.
നെമെസിസിന്റെ തിരോധാനം ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ദുരൂഹതയായി നിലനില്‍ക്കുകയായിരുന്നു. അതിനാണിപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നത്.
2022ലുണ്ടായ ഒരു കപ്പല്‍ അപകടത്തെത്തുടര്‍ന്ന് സമുദ്രത്തില്‍ നഷ്ടപ്പെട്ട ചരക്കുകള്‍ക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് റിമോട്ട് സെന്‍സിംഗ് കമ്പനിയായ സബ്‌സി പ്രൊഫഷണല്‍ മറൈന്‍ സര്‍വീസസിലെ പര്യവേക്ഷകര്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ കപ്പല്‍ കണ്ടെത്തിയത്.
കൂടുതല്‍ ചിത്രങ്ങള്‍ പരിശോധിച്ചശേഷമേ ഇത് എസ്.എസ്. നെമെസിസിന്റെ ശേഷിപ്പുകളാണെന്ന് ഉറപ്പിക്കാനാകൂവെന്ന് പര്യവേഷണക്കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.