പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ല; ശത്രുക്കളെ വീട്ടില്‍ കയറി ആക്രമിക്കും: നരേന്ദ്ര മോഡി

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ല; ശത്രുക്കളെ വീട്ടില്‍ കയറി ആക്രമിക്കും:  നരേന്ദ്ര മോഡി

ഭോപ്പാല്‍: പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്നും ശത്രുക്കളെ വീട്ടില്‍ കയറി ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഇന്ത്യയുമായി ഭാവിയില്‍ ഉണ്ടായേക്കാവുന്ന യുദ്ധത്തില്‍ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിട്ടാല്‍ ആണവ യുദ്ധമുണ്ടാകുമെന്നും അത് ലോകത്തിന്റെ പകുതിയെ ഇല്ലാതാക്കുമെന്നും പാക് സൈനിക മേധാവി അസിം മുനീര്‍ ഭീഷണി മുഴക്കിയിരുന്നു. ഈ പ്രസ്താവനയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. 75-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും അദേഹം ഉദ്ഘാടനം ചെയ്തു. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി ഇന്ത്യന്‍ സൈനികരുടെ ധീരതയേയും പ്രശംസിച്ചു.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലും പാക് അധിനിവേശ കാശ്മീരിലുമുണ്ടായ നഷ്ടത്തെ കുറിച്ച് ജെയ്ഷെ മുഹമ്മദ് നടത്തിയ തുറന്നു പറച്ചിലിലൂടെ ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്നതില്‍ പാകിസ്ഥാന്റെ പങ്കാണ് വെളിച്ചത്ത് വന്നതെന്നും അദേഹം പറഞ്ഞു.

ഭീകരരുടെ ലോഞ്ച് പാഡുകളാണ് നമ്മള്‍ വെളിച്ചത്ത് കൊണ്ടുവന്നത്. ജെയ്ഷെ മുഹമ്മദ് പാകിസ്ഥാന്റെ യഥാര്‍ഥ മുഖം കാണിച്ചുവെന്നും അദേഹം പറഞ്ഞു.

ഇന്ത്യന്‍ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ കുടുബം ഛിന്നഭിന്നമായെന്ന ജെയ്ഷെ കമാന്‍ഡര്‍ മസൂദ് ഇല്ല്യാസിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.