ഹിമാചലില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു: രാജി വാര്‍ത്ത തള്ളി മുഖ്യമന്ത്രി; മന്ത്രി വിക്രമാദിത്യ സിങ് രാജി വെച്ചു, 15 ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിമാചലില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു: രാജി വാര്‍ത്ത തള്ളി മുഖ്യമന്ത്രി; മന്ത്രി വിക്രമാദിത്യ സിങ് രാജി വെച്ചു, 15 ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഷിംല: രാജ്യസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്ങ് രാജി വെച്ചു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ സിങ്.

രാജ്യസഭയിലേക്കുള്ള നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് രാജിയുടെ കാരണമായി വിക്രമാദിത്യ ചൂണ്ടികാട്ടുന്നത്. മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങിനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന് വിമത എംഎല്‍എമാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങിന്റെ രാജി. മുഖ്യമന്ത്രി പദത്തിനായുളള ചരട് വലിയുടെ ഭാഗമാണ് വിക്രമാദിത്യയുടെ രാജിയെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം താന്‍ രാജി വെച്ചെന്ന വാര്‍ത്ത തള്ളി ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖു രംഗത്തു വന്നു. താന്‍ രാജിവെക്കില്ലെന്നും പോരാട്ടം തുടരുമെന്നും സുഖു പറഞ്ഞു. ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കം നടത്തിയതോടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവി തുലാസിലായത്. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തീവ്രശ്രമങ്ങളാണ് നടത്തി വരുന്നത്.

പിസിസി അധ്യക്ഷയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രതിഭ സിങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സുഖുവിനെ ചുമതലയേല്‍പ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരും പാര്‍ട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടു ചെയ്തിരുന്നു. ഇതോടെ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വി അപ്രതീക്ഷിതമായി തോറ്റു.

സുഖ് വിന്ദര്‍ സിങ് സുഖുവിനെതിരായ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു തിരഞ്ഞെടുപ്പിലെ കൂറുമാറ്റം. സുഖുവിനെ നീക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ എംഎല്‍എമാര്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനേയും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയേയും അനുനയ നീക്കങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിലപാട്. എന്നാല്‍ വിമത നീക്കം ബിജെപി മുതലെടുക്കാന്‍ ശ്രമിച്ചതോടെ നേതൃ മാറ്റമടക്കം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.

ഇതിനിടെ ഹിമാചല്‍ സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. സ്പീക്കറുടെ ചേംബറില്‍ മുദ്രവാക്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാരോപിച്ചാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.