'മുഖ്യമന്ത്രി എസ്എഫ്‌ഐയെ ക്രിമിനല്‍ സംഘമായി വളര്‍ത്തുന്നു'; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാല്‍

'മുഖ്യമന്ത്രി എസ്എഫ്‌ഐയെ ക്രിമിനല്‍ സംഘമായി വളര്‍ത്തുന്നു'; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാല്‍

തിരുവനന്തുപുരം: എസ്.എഫ്.ഐയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഉത്തരവാദിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. അഴിമതികളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിക്കുകയാണ്.

കേരളത്തിലെ അമ്മമാര്‍ കുട്ടികളെ കോളജില്‍ വിടാന്‍ ഭയപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തി അമ്മയേയും അച്ഛനേയും കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.

അങ്ങേയറ്റം ഹൃയഭേദകമായ സാഹചര്യത്തിലാണ് സിദ്ധാര്‍ത്ഥന്റെ അമ്മയേയും അച്ഛനേയും കാണാന്‍ കഴിയുന്നത്. മരണം ആത്മഹത്യയായി കാണാന്‍ കഴിയില്ല. അത് കൊലപാതകമാണെന്നും അദേഹം പറഞ്ഞു. കേരളത്തിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നതിന് ഉദാഹരണമാണ് സിദ്ധാര്‍ത്ഥന്റെ കൊലപാതകം.

ഉത്തരേന്ത്യയിലും മറ്റും കണ്ടുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കണ്ട് അത് ഒരിക്കലും ഇന്ത്യയില്‍ നടക്കില്ലെന്ന് കരുതുന്ന കേരളീയരുടെ ചിന്തകള്‍ക്ക് മേലേറ്റ അടിയാണ് ഈ സംഭവമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കോളജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ആയിമാറുന്നു. സംഘടനയില്‍ ചേരാന്‍ കൂട്ടാക്കാത്ത വിദ്യാര്‍ഥികളോട് പ്രതികാരമനോഭാവത്തിലാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പെരുമാറുന്നതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇതൊന്നും തടയാന്‍ കഴിയാത്ത അധ്യാപക സമൂഹവും ഇവിടെ പ്രതിക്കൂട്ടിലാണ്. അതേസമയം എസ്.എഫ്.ഐ പ്രവര്‍ത്തകരെ ക്രിമിനലുകളാക്കി വളര്‍ത്തുന്നത് മുഖ്യമന്ത്രിയാണെന്നും അദേഹം ആരോപിച്ചു.

എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ അഴിമതിയും രാഷ്ട്രീയ ജീര്‍ണതയും സര്‍ക്കാരിന്റെ ചീത്തപ്പേരും മറച്ചുപിടിക്കാനായി പൊതുജനശ്രദ്ധ തിരിച്ചുവിടാനുമാണ് മുഖ്യമന്ത്രി എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.