'ചുമതലകളില്‍ വീഴ്ച വരുത്തി': വെറ്ററിനറി സര്‍വകലാശാലാ വിസിയ്ക്ക് സസ്‌പെന്‍ഷന്‍; അത്യപൂര്‍വ നടപടിയുമായി ഗവര്‍ണര്‍

'ചുമതലകളില്‍ വീഴ്ച വരുത്തി': വെറ്ററിനറി സര്‍വകലാശാലാ വിസിയ്ക്ക് സസ്‌പെന്‍ഷന്‍; അത്യപൂര്‍വ നടപടിയുമായി ഗവര്‍ണര്‍

തിരുവനന്തപുരം: കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.എം.ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തു. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍ വേണ്ടത്ര ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വിസിക്കെതിരെ അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിട്ടു. വിദ്യാര്‍ഥിയുടെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ മരണം നടന്നിട്ടും യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ അനുസരിച്ച് വിസി കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. വിസി ചുമതലകളില്‍ വീഴ്ച വരുത്തിയെന്ന് യൂണിവേഴ്‌സിറ്റി നല്‍കിയ റിപ്പോര്‍ട്ടുകളിലും വ്യക്തമാണ്.

യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഭവങ്ങളില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റ് ആക്ട് 2010 ലെ സെക്ഷന്‍ 9 (9) അനുസരിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ചട്ടം അനുസരിച്ച് ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ ആണ് അന്വേഷിക്കേണ്ടത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ അലവന്‍സിന് അര്‍ഹതയുണ്ടായിരിക്കും. പകരക്കാരനെ പിന്നീട് തീരുമാനിക്കും.

വിദ്യാര്‍ഥി നേരിട്ട അതിക്രമം തടയുന്നതില്‍ സര്‍വകലാശാല വിസിക്ക് വന്‍ വീഴ്ചയുണ്ടായതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ വിസി ആത്മാര്‍ഥമായി സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ല എന്നാണ് വെളിപ്പെട്ടതെന്ന് ഉത്തരവില്‍ പറയുന്നു. ക്രൂരമായ പല സംഭവങ്ങളും സര്‍വകലാശാലയില്‍ നടക്കുമ്പോഴും ഉത്തരവാദിത്തം നിറവേറ്റാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഹൈക്കോടതിക്ക് കത്ത് നല്‍കി. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. സിദ്ധാര്‍ത്ഥന്റേത് കൊലപാതകമാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ക്യാംപസില്‍ എസ്എഫ്ഐ പിഎഫ്‌ഐ കൂട്ടുകെട്ടാണുള്ളത്. എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്‌ഐ ഓഫിസാക്കുന്നുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.