തീർത്ഥാടക ദേവാലയങ്ങളിലൂടെ

തീർത്ഥാടക ദേവാലയങ്ങളിലൂടെ

പാറേൽ മരിയൻ തീർത്ഥാടനകേന്ദ്രം, ചങ്ങനാശേരി

'എന്റെ പാറേൽപള്ളി മാതാവേ' എന്ന കെപിഎസി ലളിതയുടെ വിളി എല്ലാവർക്കും സുപരിചിതമാണ്‌. സ്‌ഫടികം, ദശരഥം, ദൃശ്യം തുടങ്ങിയ സിനിമകളിൽ ഇത് കാണാം.

കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലുള്ള സീറോ-മലബാർ കത്തോലിക്കാ സഭയുടെ ഒരു ക്രൈസ്തവ ദേവാലയമാണ് പാറേൽ പള്ളി എന്നറിയപ്പെടുന്ന പാറേൽ മരിയൻ തീർത്ഥാടനകേന്ദ്രം. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ഈ പള്ളി മധ്യകേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്നേഹവും വലിയ മാദ്ധ്യസ്ഥവും ഈ ദേവാലയത്തിൽ വന്ന് പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുന്നു. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺവെന്റിൽ പ്രവേശിക്കുന്നതിനുവേണ്ടി വിവാഹം ഒഴിവാക്കാനായി തന്റെ കാല് പൊള്ളലേറ്റതിന് ശേഷം വിശുദ്ധ അൽഫോൻസാമ്മ അമ്മായിയോടൊപ്പം ഈ പള്ളിയിൽ വഴിപാടുകളും പ്രാർത്ഥനകളും നടത്തിയിരുന്നു എന്ന് പറയപ്പെടുന്നു.

കന്യകമറിയാമിന്റെ അമലോദ്ഭവം വിശ്വാസസത്യമായി പിയൂസ് ഒൻപതാമൻ മാർപ്പാപ്പ ആഗോള തലത്തിൽ പ്രഖ്യാപിച്ചതിന്റെ സുവർണജൂബിലി സ്മാരകമായി 1904-ലാണ് വാഴൂർ റോഡിൽ പാറേൽ പള്ളി സ്ഥാപിക്കപ്പെടുന്നത്.

താൽക്കാലിക ഷെഡിലാണ് ആദ്യം പള്ളി പണി ആരംഭിച്ചത്. അന്നത്തെ ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന മാർ മാത്യു മാക്കീലിന്റെ നേതൃത്വത്തിൽ വികാരി ജനറൽ മോൺസിഞ്ഞോർ സിറിയക് കണ്ടങ്കരിയാണ് പാറേൽ പള്ളി സ്ഥാപിച്ചത്. കരിമ്പാറകളുടെ കൂമ്പാരം എന്ന് അറിയപ്പെടുന്ന സ്ഥലത്ത് നിർമ്മിച്ച ദേവാലയമായതു കൊണ്ടാണ് ഇതിന് പാറേൽ പള്ളി എന്നു പേരു വന്നത്.

1972-ൽ ആർച്ച് ബിഷപ്പ് മാർ ആന്റണി പടിയറ പുതിയ ദേവാലയത്തിന് ശിലയിട്ടു. 1974-ൽ അദ്ദേഹം തന്നെ കൂദാശയും നടത്തി. തുടർന്ന് 1977-ൽ ഈ ദേവാലയത്തെ മരിയൻ തീർത്ഥാടൻ കേന്ദ്രമായി പ്രഖ്യാപിച്ചു.

കർമ്മലീത്താ വൈദികനായ ബഹു. എസ്തപ്പാനോസച്ചൻ ഫ്രാൻസിൽ നിന്ന് കൊണ്ടുവന്ന മാതാവിൻ്റെ മൂന്ന് സ്വരൂപങ്ങളിൽ ഏറ്റവും മനോഹരമായ രൂപമാണ് ഇവിടെ അൾത്താരയിൽ വച്ചിരിക്കുന്ന അമലോത്ഭവ മാതാവിൻ്റെ രൂപം. 

എസ് ബി കോളേജ്, അതിരൂപത ട്രെയിനിംഗ് സ്കൂൾ, എം സി ബി എസ് സ്ഥാപകാംഗങ്ങളുടെ വസതി, അതിരൂപത മൈനസ് സെമിനാരി, യുവദീപ്തി കോളേജ്, അമല തിയോളജിക്കൽ കോളേജ്, തുടങ്ങിയ സ്ഥാപനങ്ങൾ എല്ലാം പാറപ്പള്ളിയിലാണ് ആരംഭം കുറിച്ചത്. ഇപ്പോൾ പുതിയ പള്ളി നിർമ്മാണത്തിലാണ്, അതിനാൽ ഇപ്പോൾ പാരിഷ് ഹാളിൽ താൽക്കാലികമായി പ്രാർത്ഥനയ്ക്കും വി. കുർബാനയ്ക്കുമായി ക്രമീകരിച്ചിരിക്കുന്നു. 

പോപ്പ് ഫ്രാൻസിസ് ആശീർവ്വദിച്ച അടിസ്ഥാനശില ഉപയോഗിച്ചാണ് പുതിയ പള്ളിപണി ആരംഭിച്ചിരിക്കുന്നത്. എട്ടു ഗോപുരങ്ങൾ ആണ് പുതിയ പള്ളിക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്ന്, സ്വർഗ്ഗത്തെ പ്രതിഫലിപ്പിക്കുന്ന മദ്ബഹയുടെ മുകളിലത്തെ ഏറ്റവും ഉയർന്ന ഗോപുരം. കൂദാശകളെ പ്രതിനിധാനം ചെയ്യുന്ന മറ്റ് ഏഴ് ഉയർന്ന ഗോപുരങ്ങൾ. കൂടാതെ വളരെ മനോഹരമായ അൾത്താരയും ഒരുക്കി വരുന്നു.

മരിയൻ തീർത്ഥാടന കേന്ദ്രമായതുകൊണ്ടും എല്ലാ മതസ്ഥരും ഇവിടെ മാതാവിൻ്റെ മാധ്യസ്ഥ്യം തേടി എത്തുന്നതിനാലും തിരക്ക് കൂടുതലാണ്. അതിനാൽ, കാർ പാർക്കിംഗ്, ഭക്ഷണ ശാല, മറ്റു ഭക്ത വസ്തുക്കളുടെ വില്പന ശാല, ലൈബ്രറി എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു.

പുതിയ ദേവാലയത്തെ കുറിച്ച് വികാരി ജനറൽ ഫാ. ജോസഫ് വാണിയപുരയ്ക്കൽ 2021സെപ്റ്റംബർ ഒന്നിന് നൽകിയ പത്രകുറിപ്പിൽ ഇങ്ങനെയാണ് പറയുന്നത്. "തീർഥാടകരുടെ എണ്ണം വർധിക്കുകയും തീർഥാടന കേന്ദ്രത്തിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തേണ്ട ആവശ്യം വരികയും ചെയ്തതോടെയാണ് പുതിയ ദേവാലയം എന്ന ആശയം രൂപപ്പെട്ടത്. 2015 ഇതിന്റെ നിർമാണത്തിനുള്ള പ്രാരംഭ നടപടി ആരംഭിച്ചു. പാറേൽ വലിയ പള്ളി, പാറേൽ മർത്ത് മറിയം അമലോത്ഭവ കപ്പേള, സെല്ലാർ വിഭാഗം എന്നിങ്ങനെ 3 നിലകളിലാണ് പുതിയ ദേവാലയം നിർമിക്കുന്നത്.

കേരളീയ വാസ്‌തുശിൽപ ശൈലിയിലാണ് നിർമാണം മുന്നോട്ടുപോകുന്നത്. പുതിയ പള്ളിയിൽ മൂവായിരത്തോളം പേർക്ക് ഒരേസമയം തിരുക്കർമങ്ങളിൽ പങ്കെടുക്കാനാവും. ഇതുകൂടാതെ, നിത്യാരാധന ചാപ്പൽ, 12 കുമ്പസാര കൂടുകൾ, കൗൺസലിങ് റൂമുകൾ, തീർത്ഥാടകർക്കു വിശ്രമത്തനും പ്രാർഥനയ്ക്കും ആരാധനയ്ക്കുമായി വിപുലമായ സൗകര്യങ്ങൾ ‍എന്നിവയെല്ലാം ഇവിടെ ക്രമീകരിച്ചു വരുന്നു."

ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ഏക മരിയൻ തീർഥാടന കേന്ദ്രമായ പാറേൽ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിരൂപതയിലെ എല്ലാ ഇടവകകളുടെയും വിശ്വാസികളുടെയും സഹകരണത്തോടെയാണു നിർമ്മിക്കുന്നത്. നാനാജാതി മതസ്ഥർ പാറേൽപള്ളിയിൽ ദിനവും പ്രാർത്ഥനക്കായി എത്തിച്ചേരുകയും പള്ളിയിലെ കിണറ്റിലെ ജലം തീർത്ഥ ജലമായി ഉപയോഗിക്കുകയും ചെയ്യുന്നു. പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ വലിയ മധ്യസ്ഥത്താൽ അനേകായിരങ്ങളുടെ പ്രശ്നങ്ങൾക്ക് ഉത്തരം ലഭിക്കുകയും രോഗങ്ങൾ സൗഖ്യമാവുകയും ചെയ്യുന്ന ഒരു ദൈവകൃപയുടെ സ്ഥലമായി ഇതിനോടകം തന്നെ പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രം മാറിക്കഴിഞ്ഞു. 

ചങ്ങനാശേരി നഗരത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ പള്ളികളിൽ ഒന്നായ പാറേൽ പള്ളിയുടെ ഉത്സവാഘോഷവും വളരെ ജനപ്രിയമാണ്. പാറേൽ പള്ളി പെരുന്നാൾ ഡിസംബർ 8 നു കെങ്കേമമായി ആഘോഷിക്കുന്നു. ഒരു പ്രവാസിയായ ചങ്ങനാശേരിക്കാരൻ ഏറ്റവും അധികം നാട്ടിലെത്താൻ കൊതിക്കുന്നത് ഡിസംബർ മാസത്തിലാണ് ക്രിസ്തുമസ്, പാറേൽപള്ളി പെരുന്നാൾ, മുസ്ലിം വിശ്വാസികൾക്ക് ചന്ദനകുടം, ഹിന്ദു വിശ്വാസികൾക്ക് കാവിൽപാടം ഉത്സവം ഇങ്ങനെ ആഘോഷങ്ങളുടെ ഒരു വലിയ സമയമാണിത്. അതിനാൽ പാറേൽ പള്ളി എന്നും ഓരോ ചങ്ങനാശേരിക്കാർക്കും ഏറെ പ്രിയപ്പെട്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.