കത്തോലിക്കാ സഭയ്ക്കുമേൽ വീണ്ടും അടിച്ചമർത്തലുകളുമായി നിക്കരാഗ്വൻ ഭരണകൂടം; നിരവധി വൈദികരെ നാടുകടത്തി; പുരോഹിതന്മാരില്ലാതെ പള്ളികൾ

കത്തോലിക്കാ സഭയ്ക്കുമേൽ വീണ്ടും അടിച്ചമർത്തലുകളുമായി നിക്കരാഗ്വൻ ഭരണകൂടം; നിരവധി വൈദികരെ നാടുകടത്തി; പുരോഹിതന്മാരില്ലാതെ പള്ളികൾ

മനാഗ്വ : ലാറ്റിന്‍ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ കത്തോലിക്കാ സഭയ്ക്കുമേൽ അടിച്ചമർത്തലുകൾ വർധിപ്പിച്ച് ഒർട്ടേഗ ഭരണകൂടം. സർവകലാശാലകൾ, മതസംഘടനകൾ, സർക്കാരിതര സംഘടനകൾ (എൻ.ജി.ഒകൾ) എന്നിവ ഉൾപ്പെടെ നിക്കരാഗ്വയിലെ പത്ത് സംഘടനകൾ സർക്കാർ പിരിച്ചുവിട്ടു. രാജ്യത്തെ സ്വതന്ത്രസ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അടിച്ചമർത്തലിന്റെ ഭാഗമാണ് ഈ പുതിയ നീക്കം.

പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള ആഭ്യന്തരമന്ത്രാലയം, സംഘടനകളുടെ പേപ്പറുകളിലെ ‘സാമ്പത്തിക ക്രമക്കേടുകൾ’ ഉദ്ധരിച്ചാണ് സർക്കാരിതര സംഘടനകളെയും സഭാസ്ഥാപനങ്ങളെയും പിരിച്ചുവിടാൻ ഉത്തരവിട്ടത്. പിരിച്ചുവിടാൻ ഉത്തരവ് പുറപ്പെടുവിച്ച ഗ്രൂപ്പുകളിൽ ഒരു കത്തോലിക്കാ ഫൗണ്ടേഷനും ഉൾപ്പെടുന്നു. ഇത് സർക്കാരും സഭയും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ച് കൂടുതൽ ആശങ്കകൾ ഉയർത്തുന്നു.

അതേ സമയം ഒർട്ടേഗ ഭരണകൂടം നൂറിനടുത്തു വൈദികരെ നാടുകടത്തിയതോടെ ആത്മീയകാര്യങ്ങളിൽ പ്രതിസന്ധി നേരിടുകയാണ് നിക്കരാഗ്വയിലെ കത്തോലിക്കാ സഭ. 2018 മുതൽ നിക്കരാഗ്വൻ ഭരണാധികാരികൾ 97ഓളം വൈദികരെ നാടുകടത്തിയിട്ടുണ്ട്. ഈ കാലത്ത് മരണമടഞ്ഞ വൈദികർകൂടി ഉൾപ്പെടുമ്പോൾ 40 ശതമാനത്തിലധികം വൈദികരെ മാതഗൽപ്പാ രൂപതയ്ക്കു മാത്രം നഷ്ടമായിട്ടുണ്ട്.

നിരവധി പള്ളികൾ വികാരിമാരില്ലാതെ അനാഥമായിരിക്കുന്ന ഇപ്പോൾ, വിശ്വാസി സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാകാതെ നിക്കരാഗ്വയിലെ സഭ ദുരിതത്തിലായിരിക്കുകയാണ്. നിക്കരാഗ്വയിലെ ഏകാധിപത്യഭരണം നിരവധി വൈദികരെയും ബിഷപ്പുമാരെയും തടവിലാക്കുകയും നാടുകടത്തുകയും ചെയ്തു. സഭയുടെ സ്വത്തുകൾ കണ്ടുകെട്ടുകയും സ്വതന്ത്രമായ നടത്തിപ്പിൽ കൈകടത്തുകയും ചെയ്തിരിക്കുകയാണിപ്പോൾ.

വൈദികരില്ലാതെ നിക്കരാഗ്വയിലെ സഭയും വിശ്വാസികളും ഇപ്പോൾ കഷ്ടപ്പെടുകയാണ്. ദൈവജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റിക്കൊടുക്കാൻ കഴിയാത്തവിധം പ്രതിസന്ധി അവിടെ രൂക്ഷമാണ് അവിടെനിന്നും നാടുകടത്തപ്പെട്ട ഫാദർ കാർലോസ് അഡോൾഫൊ സെൽഡൺ മൊന്റെഗ്രോ പറഞ്ഞു.

2018ന് ശേഷം കുറഞ്ഞത് 97 വൈദികരെയെങ്കിലും നിക്കരാഗ്വയിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്. ഈ കാലയളവിൽ 13 വൈദികർ മരണമടഞ്ഞു എന്നും ദ മൊസൈകോ സി.എസ്.ഐ ടീം കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ ആകെ 110 വൈദികരെയാണ് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്കരാഗ്വൻ സഭയ്ക്കു നഷ്ടപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.