രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതി കൊല്ലത്ത് പിടിയില്‍; മലയാളിയെന്ന് സൂചന

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതി കൊല്ലത്ത് പിടിയില്‍; മലയാളിയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് നാടോടികളും ബിഹാര്‍ സ്വദേശികളുമായ ദമ്പതികളുടെ രണ്ട് വയസായ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. കൊല്ലത്ത് നിന്നാണ് ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

വൈകുന്നേരം ആറിന് സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളെ കാണും. അതിന് ശേഷം മാത്രമേ പ്രതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ. പ്രതി മലയാളിയാണെന്നാണ് സൂചന.

ഫെബ്രുവരി 19 നാണ് കുട്ടിയെ പേട്ടയില്‍ നിന്നും കാണാതായത്. ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്-റബീന ദേവി ദമ്പതികളുടെ രണ്ട് വയസുകാരിയായ മകള്‍ മേരിയെയായിരുന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് കാണാതായത്. പേട്ട ഓള്‍ സെയ്ന്റ്സ് കോളജിന് സമീപത്ത് മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്.

തുടര്‍ന്നുള്ള തിരച്ചിലിനൊടുവില്‍ 19 മണിക്കൂറിന് ശേഷമായിരുന്നു കുട്ടിയെ കണ്ടെത്തിയത്. രാത്രി ഏഴരയോടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഓടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയവര്‍ രാത്രിയോടെ കുട്ടിയെ ഈ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞതാകാനാണ് സാധ്യതയെന്നാണ് പോലീസ് അന്ന് പറഞ്ഞത്.

മണ്ണന്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ജനോഷാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്ന ടെന്റിന് അര കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നാണ് കുട്ടിയെ കണ്ടെത്തിയ സ്ഥലം. കാടുപിടിച്ച ഓടയ്ക്കുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു കുഞ്ഞ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.