ട്രംപിന്റെ കുതിപ്പിന് തടയിട്ട് നിക്കി ഹേലിയുടെ ആദ്യ വിജയം; രാജ്യതലസ്ഥാനത്ത് സ്വന്തമാക്കിയത് 62.9 ശതമാനം വോട്ടുകൾ; നാളെ നിർണായകം

ട്രംപിന്റെ കുതിപ്പിന് തടയിട്ട് നിക്കി ഹേലിയുടെ ആദ്യ വിജയം; രാജ്യതലസ്ഥാനത്ത് സ്വന്തമാക്കിയത് 62.9 ശതമാനം വോട്ടുകൾ; നാളെ നിർണായകം

വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായുള്ള റിപ്പബ്ലിക്കൻ ക്യാമ്പിലെ മത്സരത്തിൽ നിക്കി ഹേലിക്ക് ആദ്യ വിജയം. രാജ്യതലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കി നിക്കി ഹേലി വിജയം സ്വന്തമാക്കിയത്. ഹേലി 62.9 ശതമാനം വോട്ടുകൾ നേടിയപ്പോൾ ട്രംപിന് 32.3 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പിൽ സ്വന്തം സംസ്ഥാനമായ സൗത്ത് കരോലീനയിൽ ട്രംപിൽ നിന്നും കനത്ത പരാജയം ഹേലിക്ക് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. പിന്നാലെയാണ് ആശ്വാസകരമായി വാഷിംഗ്ടണിൽ വൻ വിജയം സ്വന്തമാക്കിയിരിക്കുന്നത്. ഇത് ആദ്യമായല്ല പ്രൈമറിൽ വാഷിംഗ്ടണിൽ ട്രംപിന് കാലിടറുന്നത്.

2016 ലെ റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പിൽ 14 ശതമാനത്തിൽ താഴെ മാത്രം വോട്ടുമാത്രമാണ് രാജ്യതലസ്ഥാനത്ത് നിന്നും ട്രംപിന് ലഭിച്ചത്. ഡെമോക്രാറ്റുകളുടെ ഉറച്ചകോട്ടയായ വാഷിംഗ്ടണിൽ 23,000 ൽ അധികം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളാണുള്ളത്. 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 92 ശതമാനം വോട്ടുകൾ നേടിയാണ് വാഷിംഗ്ടൺ ഡിസി പ്രസിഡന്റ് ജോ ബൈഡൻ ഡെമോക്രാറ്റ് പക്ഷത്ത് നിലനിർത്തിയത്.

രാജ്യതലസ്ഥാനത്ത് വിജയം സ്വന്തമാക്കാൻ സാധിച്ചെങ്കിലും ഹേലിക്ക് പ്രസിഡന്റ് പ്രൈമറിയിൽ ട്രംപിനെ അട്ടിമറിച്ച് റിപ്പബ്ലിക്കൻസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുകയെന്നത് അസാധ്യമായ കാര്യമെന്നാണ് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. മുമ്പ് നടന്ന എട്ട് നോമിനേറ്റിംഗ് തിരഞ്ഞെടുപ്പിലും ട്രംപ് നിക്കി ഹേലിക്കെതിരെ ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ട്രംപ് സമാനരീതിയിലുള്ള വിജയം കൈവരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാളെ 15 സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കും. ഈ സംസ്ഥാനങ്ങളിലെല്ലാം ട്രംപ് മേൽക്കൈ നേടുമെന്നാണ് റിപ്പോർട്ട്. തുടർച്ചയായ പരാജയങ്ങൾക്ക് പിന്നാലെ വാഷിംഗ്ടൺ ഡിസിയിൽ നേടിയ വിജയം നിക്കി ഹേലി ക്യാമ്പിന്റെ ആത്മ വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.