യു.കെയില്‍ വിദ്വേഷ പ്രാസംഗികര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റിഷി സുനക്; പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബാധകം

യു.കെയില്‍ വിദ്വേഷ പ്രാസംഗികര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റിഷി സുനക്; പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബാധകം

ലണ്ടന്‍: പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള തീവ്രവാദ കാഴ്ചപ്പാടുകളുള്ള വിദ്വേഷ പ്രാസംഗികര്‍ക്ക് യുകെയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആശങ്കാകുലരാണെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തു. വിദേശത്തുനിന്ന് എത്തുന്ന തീവ്രവാദ സ്വഭാവം പ്രകടിപ്പിക്കുന്ന അപകടകാരികളായ ആളുകളെ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചതായും അത്തരമാളുകളെ വിസ മുന്നറിയിപ്പ് പട്ടികയില്‍ ചേര്‍ക്കണമെന്ന് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പദ്ധതിപ്രകാരം ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരെ യുകെയിലേക്ക് പ്രവേശിപ്പിക്കില്ല.

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തീവ്രവാദ ഭീഷണിയിലാണെന്ന് യുകെ പ്രധാനമന്ത്രി റിഷി സുനക് മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ലക്ഷ്യമിട്ട് ആളുകള്‍ ഇവിടേക്ക് പ്രവേശിക്കുന്നത് തടയാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് 10 ഡൗണിങ് സ്ട്രീറ്റില്‍ നടത്തിയ പ്രസംഗത്തില്‍ സുനക് പറഞ്ഞു. വിസ ലഭിച്ച് രാജ്യത്തെത്തിയവര്‍ വിദ്വേഷം പടര്‍ത്തുകയോ ആളുകളെ ഭയപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ രാജ്യത്ത് തുടരാന്‍ അവരെ അനുവദിക്കുകയില്ല - അദ്ദേഹം പറഞ്ഞു.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനെതിരേ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങുന്ന പ്രകടനക്കാരോട് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും റിഷി സുനക് അഭ്യര്‍ഥിച്ചു. നമ്മെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ ഒരുമിച്ച് നേരിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ അനുകൂല പ്രതിഷേധത്തിനായി ശനിയാഴ്ച ആയിരക്കണക്കിന് ആളുകളാണ് ലണ്ടന്‍ തെരുവില്‍ ഇറങ്ങിയത്. ക്രമസമാധാനം ലംഘിച്ചതിന് 12 പേരെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

'നമ്മുടെ സമൂഹത്തില്‍ തീവ്രവാദത്തിന് സ്ഥാനമില്ല. നിയമം അനുസരിക്കുന്ന ഭൂരിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതിനോ തടസപ്പെടുത്തുന്നതിനോ ഉള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല,'' ആഭ്യന്തര വകുപ്പ് വക്താവ് പറഞ്ഞു. ''പ്രതിഷേധക്കാര്‍ അക്രമാസക്തരാകുന്നതും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ പെരുമാറുന്നതിനും അടുത്തിടെ ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. തീവ്രവാദം, വിദേഷ കുറ്റകൃത്യം എന്നിവ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് ഞങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട് - വക്താവ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.