ക്ലോക്കില്‍ നോക്കി കടമ നിര്‍വഹിക്കുന്നത് പോലെയല്ല അപ്പന്റെ വാതിലില്‍ മുട്ടുന്ന കുട്ടിയെപ്പോലെയാവണം പ്രാര്‍ഥിക്കേണ്ടത്: ഫ്രാന്‍സിസ് പാപ്പാ

ക്ലോക്കില്‍ നോക്കി കടമ നിര്‍വഹിക്കുന്നത് പോലെയല്ല അപ്പന്റെ വാതിലില്‍ മുട്ടുന്ന കുട്ടിയെപ്പോലെയാവണം പ്രാര്‍ഥിക്കേണ്ടത്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയിലൂടെയും വിശ്വാസത്തിലൂടെയും ഉളവാകുന്ന ആത്മബന്ധത്തോടെ, ദൈവത്തോടു ചേര്‍ന്ന് ഭവനം പണിയുന്ന മനോഭാവം ആര്‍ജ്ജിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. അതോടൊപ്പം, നമ്മുടെ സഹോദരീസഹോദരന്മാരുമായുള്ള കൂട്ടായ്മയും സാഹോദര്യവും വളര്‍ത്തിയെടുക്കണമെന്നും നോമ്പുകാല യാത്രയില്‍ നമുക്ക് വഴിവിളക്കുകള്‍ ആകേണ്ടത് ഈ രണ്ടു കാര്യങ്ങളാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാര്‍ത്ഥനയോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമായി സുവിശേഷ വിചിന്തനങ്ങള്‍ പങ്കുവയ്ക്കവെയാണ് പരിശുദ്ധ പിതാവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 'എന്റെ പിതാവിന്റെ ഭവനം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്' എന്ന് താക്കീത് നല്‍കി, ദേവാലയത്തില്‍ ക്രയവിക്രയം ചെയ്തിരുന്നവരെ അവിടെനിന്ന് പുറത്താക്കുന്ന യോഹന്നാന്റെ സുവിശേഷത്തിലെ സംഭവത്തെ (യോഹന്നാന്‍ 2:13-25) ആധാരമാക്കിയാണ് പാപ്പാ ഈയാഴ്ച സന്ദേശം നല്‍കിയത്.

രണ്ടു മനോഭാവങ്ങള്‍

നാം കര്‍ത്താവിനെ സമീപിക്കുമ്പോള്‍ കച്ചവട മനോഭാവമാണോ അതോ അവിടുത്തോടൊപ്പം ഭവനം പണിയുന്ന മനോഭാവമാണോ നമ്മുടെ ഉള്ളിലുള്ളതെന്ന് പരിശോധിക്കേണ്ടതുണ്ട് - പാപ്പാ പറഞ്ഞു. കച്ചവട മനോഭാവത്തില്‍, ദൈവവുമായി അനുരഞ്ജനപ്പെടാന്‍ വേണ്ടി ദേവാലയത്തിലെ ആരാധനയുടെ ഭാഗമായി ഒരു ആട്ടിന്‍കുട്ടിയെ വാങ്ങുക, ബലിപീഠത്തിലെ കനലില്‍ അതിനെ അര്‍പ്പിക്കുക, അതിനുശേഷം ഭക്ഷിക്കുക, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി. അതായത്, പണം നല്‍കി വാങ്ങി ഭക്ഷിക്കുന്ന ഒരു പ്രക്രിയയായി ദൈവാരാധന പരിണമിക്കുന്നു.

ദേവാലയത്തെ ഒരു ഭവനമായി കാണുന്ന മനോഭാവമാകട്ടെ ഇതില്‍നിന്ന് തീര്‍ത്തും വിപരീതമായ ഒരാശയമാണ്. ഈ മനോഭാവത്തോടെ ദേവാലയത്തില്‍ പോകുന്ന ഒരാള്‍, അവിടെ പോകുന്നത് കര്‍ത്താവിനെ കാണാനാണ്. പരസ്പരം സന്തോഷവും സങ്കടവും പങ്കിടുന്ന ഒരു സമൂഹമെന്ന നിലയില്‍ തന്റെ സഹോദരീസഹോദരന്മാരുമായുള്ള കൂട്ടായ്മയിലും അയാള്‍ പങ്കാളിയാകുന്നു.

നേരെമറിച്ച് കച്ചവട മനോഭാവത്തോടെ സമീപിക്കുമ്പോള്‍ അവിടെ കണക്കുകൂട്ടലുകളും വിലപേശലുകളും സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണവുമാണ് പ്രധാനം. എന്നാല്‍, സ്വഭവനം എന്ന മനോഭാവത്തോടെ ദേവാലയത്തെ സമീപിക്കുന്ന ഒരാള്‍ക്ക്, വിലയോ അളവോ കണക്കാക്കാതെ സ്‌നേഹത്തിലും സാഹോദര്യത്തിലും പരസ്പരം നല്‍കുന്ന സൗജന്യ ദാനമായാണ് അത് അനുഭവപ്പെടുക.

ദേവാലയം നമ്മുടെ സ്വന്തം ഭവനം

ഇന്നത്തെ സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന യേശുവിന്റെ തീക്ഷ്ണമായ പ്രതികരണം, ഗാര്‍ഹികാന്തരീക്ഷമുള്ള ദേവാലയത്തിനു പകരം അവിടെ നിലനിന്നിരുന്ന വിപണി കേന്ദ്രീകൃത ദേവാലയത്തെ കര്‍ത്താവ് എങ്ങനെ അംഗീകരിക്കുന്നില്ല എന്നാണ് കാണിക്കുന്നത് - പാപ്പ വിശദീകരിച്ചു. ഇത് ദൈവത്തെ വിദൂരങ്ങളില്‍ വസിക്കുന്നവനായി കാണാനും ലാഭേച്ഛയോടെ അവിടുത്തെ സമീപിക്കാനും ഒരുവനെ പ്രേരിപ്പിക്കുന്നു.

എന്നാല്‍, ദേവാലയം ഭവനമായി മനസിലാക്കപ്പെടുമ്പോള്‍, സ്‌നേഹനിര്‍ഭരമായ ഒരു കുടുംബത്തിലെന്നപോലെ കര്‍ത്താവിനോട് വിശ്വസ്തമായ ഒരു ആത്മബന്ധം സ്ഥാപിക്കാന്‍ സാധിക്കുന്നു. ഇപ്രകാരം തന്നോടും നമ്മുടെ സഹോദരങ്ങളോടും യോജിപ്പും കൂട്ടായ്മയും കൊണ്ടുവരാനാണ് നമ്മുടെ കര്‍ത്താവ് വന്നത് - മാര്‍പാപ്പ അടിവരയിട്ടു പറഞ്ഞു.

ദൈവത്തോട് ചേര്‍ന്ന് നമുക്ക് ഭവനം പണിയാം

നാം ഒരേ ഭവനത്തിലെ അംഗങ്ങളാണ് എന്ന അവബോധം, നമ്മുടെ ഇടയിലും നമുക്കു ചുറ്റിലും സൃഷ്ടിക്കാന്‍ ഉതകുന്നതായിരിക്കണം നമ്മുടെ നോമ്പുകാല യാത്ര എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ഇതിന് ആദ്യമായി, മടുപ്പുകൂടാതെ, ആത്മവിശ്വാസത്തോടെ 'അപ്പന്റെ വാതിലില്‍ മുട്ടുന്ന കുട്ടികളെപ്പോലെ' നാം ദൈവത്തോട് പ്രാര്‍ത്ഥിക്കണം. അടുത്തതായി, നമ്മുടെ സഹോദരങ്ങളുമായുള്ള കൂട്ടായ്മ നാം കെട്ടിപ്പടുക്കണം. ഇത് ഇന്ന് വളരെ ആവശ്യമായ ഒരു കാര്യമാണ് - പാപ്പാ ചൂണ്ടിക്കാട്ടി.

നമ്മുടെ പ്രാര്‍ത്ഥനകള്‍ ക്ലോക്കില്‍ നോക്കി കടമ നിര്‍വഹിക്കുന്ന വിധത്തിലുള്ളതാണോ അതോ, വിശ്വാസത്തോടെ കര്‍ത്താവിന് നമ്മെതന്നെ വിട്ടുകൊടുക്കുന്ന വേളകളാണോ - പാപ്പ ചോദിച്ചു. അനുദിന ജീവിതത്തില്‍ ഒറ്റപ്പെടുത്തലിന്റെയും ശത്രുതയുടെയും അനുഭവങ്ങള്‍ ഉണ്ടായേക്കാം. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങള്‍ പരിശോധിക്കാനുള്ള അവസരങ്ങളാണ് അവ. നമ്മുടെ ബന്ധങ്ങളിലുള്ള നിശബ്ദതയുടെ മതിലുകള്‍ തകര്‍ക്കാനും ശൂന്യതയ്ക്കു മേല്‍ പാലങ്ങള്‍ പണിയാനും ആദ്യ ചുവടുവയ്പ് നമ്മുടേതാകട്ടെയെന്ന് മാര്‍പാപ്പ നിര്‍ദ്ദേശിച്ചു.

നമുക്കിടയിലും നമുക്കുചുറ്റിലും ദൈവത്തോടൊപ്പം 'ഭവനം പണിയാന്‍' പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.