കൊച്ചി മെട്രോ: ആദ്യ ഘട്ടത്തിന്റെ അവസാന പാതയായ തൃപ്പൂണിത്തുറ റൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി മെട്രോ: ആദ്യ ഘട്ടത്തിന്റെ അവസാന പാതയായ തൃപ്പൂണിത്തുറ റൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു. രാവിലെ പത്തിന് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു. എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പുണിത്തുറ വരെയാണ് അവസാന പാത.

കൊച്ചി മെട്രോയ്ക്കൊപ്പം കവി സുഭാഷ് മെട്രോ, മജര്‍ഹത്ത് മെട്രോ, ആഗ്ര മെട്രോ, മീററ്റ്-ആര്‍ആര്‍ടിഎസ് സെക്ഷന്‍, പൂനെ മെട്രോ, എസ്പ്ലനേഡ് മെട്രോ- കൊല്‍ക്കത്ത എന്നിവയുടേയും ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റര്‍ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായത്. ആകെ ചിലവ് 7377 കോടി രൂപയാണ്. കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ.

ഉദ്ഘാടനത്തിന് ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവയിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുള്ള സര്‍വീസും ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എം.പി, കെ.ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.