പത്മം ചൂടി പത്മജ; ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു

പത്മം ചൂടി പത്മജ; ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്ദേക്കറില്‍ നിന്നാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്.

പത്മജയുടെ ബിജെപി പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം മുതല്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. പ്രചാരണം ഫെയ്സ് ബുക്കിലൂടെ ആദ്യം നിഷേധിച്ച പത്മജ പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ അവഗണനയെ തുടര്‍ന്നാണ് താന്‍ ബിജെപിയിലേക്ക് മാറുന്നതെന്നാണ് അവരുടെ പ്രതികരണം.

കെടിഡിസി മുന്‍ ചെയര്‍പേഴ്സണാണ്. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍, ഐഎന്‍ടിയുസി വര്‍ക്കിങ് കമ്മിറ്റി അംഗം, പ്രിയദര്‍ശിനി ആന്‍ഡ് രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍, എച്ച്എംടി എംപ്ലോയീസ് യൂണിയന്‍, തഴപ്പായ എംപ്ലോയീസ് യൂണിയന്‍, ടെക്നിക്കല്‍ എജ്യൂക്കേഷണല്‍ സെസൈറ്റി ഓഫ് ഇന്ത്യ തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു.

കഴിഞ്ഞ രണ്ട് തവണ തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2004 ല്‍ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്.

കെ. കരുണാകരനും കെ. മുരളീധരനും പാര്‍ട്ടി വിട്ടപ്പോള്‍ കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന ആളാണ് താനെന്ന് പത്മജ പറഞ്ഞു. ആ താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് വിടണമെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കപ്പുറം പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെന്നു മനസിലാക്കണം. പാര്‍ട്ടി ഒരു വിലയും നല്‍കിയിരുന്നില്ല.

തന്നെ അപമാനിച്ചതിനെക്കാള്‍ അപ്പുറം കെ. കരുണാകരനെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചത്. കരുണാകരന്‍ ജീവിതത്തില്‍ ഏറ്റവുമധികം എതിര്‍ത്തത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരെയാണ്. ആ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോട് പോലും ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ സഹകരിക്കേണ്ടി വന്നത് മുരളീധരന്‍ കാരണമാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.