കട്ടപ്പന: ഇടുക്കി കട്ടപ്പനയിലും നരബലി നടന്നതായി സംശയം. ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേരെയാണ് കൊന്ന് കുഴിച്ചുമൂടിയത്. മോഷണക്കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നരബലി സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍ (27), പുത്തന്‍പുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിന്റെ തറയില്‍ കുഴിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മന്ത്രവാദത്തിന്റെയും മറ്റും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയന്‍, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചു മൂടിയത്. കട്ടപ്പന സാഗര ജംഗ്ഷനില്‍ വിഷ്ണുവിന്റെ പഴയ വീടിന്റെ തറയിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. നിതീഷിന് വിഷ്ണുവിന്റെ സഹോദരിയില്‍ ഉണ്ടായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഗന്ധര്‍വന് കൊടുക്കാനെന്ന് പറഞ്ഞാണ് അമ്മയുടെ പക്കല്‍ നിന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയതെന്നാണ് വിവരം.
വിഷ്ണുവിൻ്റെ പിതാവ് വിജയനെ കുറെ കാലമായി കാണാനില്ലായിരുന്നു. ഇതിൽ ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതിയും നൽകിയിരുന്നു. വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയതായും അതിനും വർഷങ്ങൾക്ക് മുമ്പ് നവജാത ശിശുവിനെയും കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയെന്നും ആണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് പൊലീസിന് ചില സൂചനകൾ ലഭിച്ചത്. ബന്ധുക്കളിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
നഗരത്തിലെ ഒരു വര്‍ക്ക് ഷോപ്പില്‍ മോഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. അര്‍ധരാത്രി മോഷണം നടത്തുന്നതിനിടെ വര്‍ക്ക് ഷോപ്പ് ഉടമയുടെ മകനാണ് ഇരുവരെയും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് നരബലി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇതേത്തുടര്‍ന്ന് പ്രതികളുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഉടന്‍ തന്നെ പരിശോധന ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
2022 ഒക്ടോബര്‍ പതിനൊന്നിനാണ് കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ നരബലി പുറത്തറിഞ്ഞത്. കേസിലെ പ്രതികളായ പെരുമ്പാവൂര്‍ സ്വദേശിയായ മന്ത്രവാദി മുഹമ്മദ് ഷാഫി (53), പാരമ്പര്യ തിരുമ്മു വൈദ്യന്‍ ഇലന്തൂര്‍ പുളിന്തിട്ട ആഞ്ഞിലിമൂട്ടില്‍ കടകംപിള്ളില്‍ ഭഗവല്‍ സിങ് (71), ഭാര്യ ലൈല (67) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.