ഇനി ഇഷ്ടം പോലെ യാത്ര ചെയ്യാം: സംസ്ഥാനത്തെ 16 റെയില്‍വെ സ്റ്റേഷനുകളില്‍ സെല്‍ഫ് ഡ്രൈവ് റെന്റല്‍ കാറും ബൈക്കും ലഭ്യമാകും

ഇനി ഇഷ്ടം പോലെ യാത്ര ചെയ്യാം: സംസ്ഥാനത്തെ 16 റെയില്‍വെ സ്റ്റേഷനുകളില്‍ സെല്‍ഫ് ഡ്രൈവ് റെന്റല്‍ കാറും ബൈക്കും ലഭ്യമാകും

തിരുവനന്തപുരം: മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഏതു സമയത്തും ഇന്ത്യയില്‍ എവിടേക്കും കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും തുടര്‍ യാത്രയ്ക്കുള്ള വാടക വാഹനം ഇനി ലഭ്യമാകും. വിനോദ സഞ്ചാര കേന്ദ്രത്തിലേക്കോ അല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്കോ സ്വന്തമായി ഡ്രൈവ് ചെയ്ത് ഇഷ്ടം പോലെ യാത്ര തുടരാം.

സ്വകാര്യ കമ്പനിയും റെയില്‍വേയും ചേര്‍ന്നാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 16 പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രികര്‍ക്ക് അവരുടെ സൗകര്യവും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ട് തുടര്‍ യാത്രയ്ക്കുള്ള സൗകര്യമൊരുക്കുന്ന സെല്‍ഫ് ഡ്രൈവ് റെന്റല്‍ കാര്‍/ബൈക്ക് സേവനമാണ് ആരംഭിച്ചിരിക്കുന്നത്. ഇവിഎം വീല്‍സ് എന്ന സ്വകാര്യ സ്ഥാപനമാണ് നിശ്ചിത വാടക നിരക്കില്‍ കാറും ബൈക്കും ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍ മുഖേന നേരത്തെ ബുക്ക് ചെയ്തുകൊണ്ട് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

റെയില്‍വേ സ്റ്റേഷന്‍

തിരുവനന്തപുരം സെന്‍ട്രല്‍ (തമ്പാനൂര്‍), കൊച്ചുവേളി, കഴക്കൂട്ടം, വര്‍ക്കല, കൊല്ലം, ആലപ്പുഴ, ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല, എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, ആലുവ, തൃപ്പൂണിത്തുറ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തെ 16 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും റെന്റ് കാറുകളും ബൈക്കുകളും ഇവിഎം വീല്‍സ് ലഭ്യമാക്കുന്നു.

ഇതിന് പുറമെ സംസ്ഥാനത്ത് ഉടനീളമുള്ള കമ്പനിയുടെ ഷോറൂമുകളില്‍ നിന്നും എന്‍എച്ച് 66 ബൈപ്പാസ് (കൊച്ചുവേളിക്ക് സമീപം), കാക്കനാട് കെഎസ്ആര്‍ടിസ് ബസ് സ്റ്റേഷന്‍, കരിപ്പൂര്‍ വിമാനത്താവളം, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം (മട്ടന്നൂര്‍) എന്നിവിടങ്ങളില്‍ നിന്നും വാടകയ്ക്ക് എടുക്കാവുന്ന വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്കായി ലഭ്യമാകും.

ഏതാനും മണിക്കൂറിനായോ ദിവസ/ആഴ്ച കാലയളവിലേക്കോ ഒക്കെ ഉപോയക്താക്കളുടെ താല്‍പര്യം അനുസരിച്ച് വാടക വാഹനം ബുക്ക് ചെയ്യാനാകും. 21 വയസ് പൂര്‍ത്തിയായവര്‍ക്കും എല്‍എംവി ലൈസന്‍സ് എടുത്ത് ഒരു വര്‍ഷം തികഞ്ഞവര്‍ക്കും വാഹനം ബുക്ക് ചെയ്യാം. നിരവധി മോഡലിലുള്ള വാഹനങ്ങള്‍ ലഭ്യമാണെന്നതിനാല്‍ സഹയാത്രികരുടെ എണ്ണവും ആവശ്യകതയും വാടക നിരക്കുമൊക്കെ മനസിലാക്കി ഉചിതമായ കാര്‍ ബുക്ക് ചെയ്യാനാകും. ഓട്ടോമാറ്റിക്കും മാന്വവല്‍ ട്രാന്‍സ്മിഷനിലുമുള്ള വാഹനം ലഭ്യമാണ്. അതുപോലെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് അധിഷ്ഠിത വാഹനങ്ങളും ഉപയോക്താവിന്റെ താല്‍പര്യം അനുസരിച്ച് തിരഞ്ഞെടുക്കാം.

ഇവിഎം വീല്‍സിന്റെ https://www.evmwheels.com എന്ന വെബ്‌സൈറ്റ് വഴിയാണ് വാഹനത്തിന്റെ ബുക്കിങ് നടത്തേണ്ടത്. ഇതിനുവേണ്ടി ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും നല്‍കി വെബ്‌സൈറ്റില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കണം. ഇതിന്റെ വേരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ വാഹനം ബുക്ക് ചെയ്യാം. 12 മണിക്കൂര്‍ വരെയുള്ള പാക്കേജ് ലഭ്യമാണ്. വാഹനത്തിന്റെ വാടക പണം മുന്‍കൂറായി ഓണ്‍ലൈന്‍ ഇടപാടിലൂടെ അടയ്ക്കണം. 24 മണിക്കൂറും കമ്പനിയുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.