മെല്‍ബണ്‍: മെല്‍ബണിലെ സെമിത്തേരിയില്‍ നിന്ന് എണ്‍പതോളം കുട്ടികളുടെ കല്ലറകളില്‍ സ്ഥാപിച്ചിട്ടുള്ള വെങ്കല ഫലകങ്ങള്‍ മോഷണം പോയി. ഗ്രേറ്റര്‍ മെട്രോപൊളിറ്റന്‍ സെമിത്തേരി ട്രസ്റ്റിനു കീഴിലുള്ള അല്‍ടോണ മെമ്മോറിയല്‍ പാര്‍ക്കില്‍ നിന്നാണ്, മരണപ്പെട്ട കുട്ടികളുടെ സ്മരണയ്ക്കായി കുടുംബങ്ങള്‍ സ്ഥാപിച്ച ഫലകങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിലാണ് മോഷ്ടാക്കള്‍ കൃത്യം നടത്തിയിട്ടുള്ളതെന്നാണ് സൂചന. സംഭവത്തില്‍ വിക്ടോറിയ പോലീസ് അന്വേഷണം ആരംഭിച്ചു.
'ഗാര്‍ഡന്‍ ഓഫ് ലിറ്റില്‍ ഏഞ്ചല്‍സ്' എന്ന പേരിട്ട സ്ഥലത്ത് നിന്നാണ് മരിച്ച കുട്ടികളുടെ പേരുവിവരങ്ങള്‍ കൊത്തിവച്ചിട്ടുള്ള ഫലകങ്ങള്‍ കവര്‍ന്നത്.
ആക്രി വിലയ്ക്ക് ഈ വെങ്കല ഫലകങ്ങള്‍ വില്‍ക്കുകയാണ് മോഷ്ടാക്കളുടെ ലക്ഷ്യമെന്നാണ് പോലീസിന്റെ അനുമാനം. അതിന്റെ അടിസ്ഥാനത്തില്‍ ഫലകങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന മോഷ്ടാക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സ്‌ക്രാപ്പ് മെറ്റല്‍ വ്യാപാരികള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി.
മെല്‍ബണിലെ സെമിത്തേരിയില്‍ കല്ലറകളില്‍ സ്ഥാപിച്ചിട്ടുള്ള വെങ്കല ഫലകങ്ങള്‍ മോഷണം പോയ നിലയില്‍
മെമ്മോറിയല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനച്ചുമതലയുള്ള ഗ്രേറ്റര്‍ മെട്രോപൊളിറ്റന്‍ സെമിത്തേരീസ് ട്രസ്റ്റിന്റെ സഹായത്താല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
സ്മാരക ഫലകങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങളുമായി ട്രസ്റ്റ് ബന്ധപ്പെടുകയും ഇന്‍ഷുറന്‍സ് ക്ലെയിമിലൂടെ അവരെ പിന്തുണയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തതായി ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ എറിക്‌സന്‍ പറഞ്ഞു. 'കുട്ടികളെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ ഇത്തരം പ്രവൃത്തികള്‍ കൂടുതല്‍ വിഷമിപ്പിക്കും' - അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഹോബ്സണ്‍സ് ബേ സിറ്റി കൗണ്‍സില്‍ മേയര്‍ മാറ്റ് ടൈലര്‍ സംഭവത്തെ അപലപിച്ചു. ഇതിനകം തന്നെ വലിയ ഹൃദയവേദന അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് എത്രത്തോളം ഹൃദയഭേദകമാണെന്ന് തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു സെമിത്തേരിയില്‍ നിന്ന് മോഷ്ടിക്കുന്നത് ഏറ്റവും വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണ്, ചെറിയ കുട്ടികളുടെ കല്ലറകള്‍ എങ്കിലും വെറുതെ വിടണം. ഇത് ഹൃദയശൂന്യവും അപമാനകരവുമായ പ്രവൃത്തിയാണ്' - ടൈലര്‍ പറഞ്ഞു.
മോഷണം പോയ ഫലകങ്ങള്‍ വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പുതിയത് സ്ഥാപിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26