തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ചില നിയമ ബിരുദധാരികള്‍ കോര്‍പ്പറേഷനെതിരായ കേസുകളില്‍ ഇടപെടുന്നത് ദുഖകരമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ജീവനക്കാര്‍ക്ക് എഴുതിയ തുറന്ന കത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. കടക്കെണിയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും മന്ത്രി ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.
ഇന്നലെയാണ് ഒന്‍പത് പേജുള്ള കത്ത് ഏവര്‍ക്കുമായി മന്ത്രി സമര്‍പ്പിച്ചത്. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ജീവനക്കാര്‍ക്കായി തുറന്ന കത്തെഴുതുമെന്ന് ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നു. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി സാമ്പത്തിക ചോര്‍ച്ച തടഞ്ഞാല്‍ കോര്‍പ്പറേഷനെ രക്ഷിക്കാനാവുമെന്നും ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രില്‍ കത്തില്‍ വ്യക്തമാക്കി.
യാത്രക്കാരാണ് യജമാനന്‍ എന്ന പൊതുബോധം ജീവനക്കാര്‍ക്ക് വേണം. അവരോട് മാന്യമായി പെരുമാറണം. രാത്രി 10 മണിക്ക് ശേഷം സൂപ്പര്‍ ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ള ശ്രേണിയിലെ ബസുകളും യാത്രക്കാര്‍ പറയുന്നയിടത്ത് നിര്‍ത്തണം. ബസുകള്‍ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കണം.ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ശീതീകരിച്ച മുറി നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ചില നിയമ ബിരുദധാരികള്‍ കോര്‍പ്പറേഷനെതിരായ കേസുകളില്‍ ഇടപെടുന്നത് ദുഖകരമാണ്. നിലവില്‍ ജോലി ചെയ്യുന്നവരുടെ ജീവിതം ദുരിതത്തിലാക്കാന്‍ ശ്രമിക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതല്ല. മാതൃസ്ഥാപനത്തെ ഒറ്റു കൊടുക്കലാണിത്. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്മാറണം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ നൂതനമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും.
ചെറിയ ബസുകളടക്കം വാങ്ങിക്കാനുള്ള നടപടികള്‍ തുടങ്ങി. ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി കാന്റീന്‍ തുടങ്ങുമെന്നും മന്ത്രി കത്തില്‍ പരാമര്‍ശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.